വിശുദ്ധനാട്ടില്‍ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പാ

ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോ ടിറ്റോ യെല്ലാനയെ ഇസ്രായേല്‍, സൈപ്രസ്, ജറുസലേം, പാലസ്തീന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വിശുദ്ധനാടിന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. കോര്‍പ്പുസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തിലാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പാപ്പാ നല്‍കിയത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ ഭൂഖണ്ഡങ്ങളിലെല്ലാം വത്തിക്കാനെ പ്രതിനിധീകരിച്ച് ശുശ്രൂഷ ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോ ടിറ്റോ. ഇപ്പോഴിതാ വിശുദ്ധനാടിന്റെ ചുമതലയും പാപ്പാ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നു.

2015 മുതല്‍ ഓസ്‌ട്രേലിയയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി സേവനം ചെയ്തുവരവെയാണ് എഴുപത്തിമൂന്നുകാരനായ ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോയ്ക്ക് പാപ്പാ പുതിയ ഉത്തരവാദിത്വം നല്‍കിയത്. ഇന്ത്യയുടെ വത്തിക്കാന്‍ പ്രതിനിധിയായി അടുത്തിടെ നിയമിക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലിയുടെ പിന്‍ഗാമിയായാണ് ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോയുടെ വിശുദ്ധനാട്ടിലെ ഈ നിയമനം.

1948-ല്‍ ജനിച്ച ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോ ഫിലിപ്പീന്‍സ് സ്വദേശിയാണ്. 1972-ലായിരുന്നു പൗരോഹിത്യ സ്വീകരണം. നിയമബിരുദമുള്ള ഇദ്ദേഹം 1984-ല്‍ വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധിയായും സേവനം ചെയ്തു. 2002-ലാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ഇദ്ദേഹത്തെ മെത്രാനായി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.