ജറുസലേമില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍ത്ഥന

ജറുസലേമില്‍ തുടര്‍ന്നുവരുന്ന അക്രമത്തിന് കൂട്ടായ പരിഹാരം ഉണ്ടാകുന്നതിനും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി അഭ്യര്‍ത്ഥന നടത്തി ഫ്രാന്‍സിസ് പാപ്പാ. പാലസ്തീനിയന്‍ പ്രതിഷേധികളും ഇസ്രായേലി സേനയും തമ്മില്‍ തെരുവുകള്‍ തോറും നടന്നുവരുന്ന സംഘര്‍ഷങ്ങളാണ് ജറുസലേമിലെ ഇപ്പോഴത്തെ പ്രധാന അസ്വസ്ഥത.

ഞായറാഴ്ചത്തെ റെജീനാ കോളി പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ജറുസലേമിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഭരണകര്‍ത്താക്കളോടുമായി, അക്രമം അവസാനിപ്പിക്കാനും പൊതുവായ ചര്‍ച്ചയിലൂടെ സമാധാനം വീണ്ടെടുക്കാനും അഭ്യര്‍ത്ഥന നടത്തിയത്. ജറുസലേമില്‍ അരങ്ങേറുന്ന എല്ലാ സംഭവങ്ങളും താന്‍ ആകുലതയോടെ വീക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

“സംഘര്‍ഷങ്ങളുടേതല്ലാത്ത കൂടിച്ചേരലുകളുടേയും പ്രാര്‍ത്ഥനയുടേയും സമാധാനത്തിന്റേയും നഗരമായി ജറുസലേം മാറട്ടെ. പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്തി, ബഹുവിധമായ മതങ്ങളുടേയും സംസ്‌കാരങ്ങളുടേയും ഇടമായ വിശുദ്ധനാടിനെ മഹത്വമുള്ളതും സാഹോദര്യം വാഴുന്ന ഇടവുമായി മാറ്റണം. അക്രമം വീണ്ടും അക്രമത്തിലേയ്ക്ക് മാത്രമേ വഴിവയ്ക്കൂ. സംഘര്‍ഷങ്ങള്‍ മതിയാക്കൂ” – പാപ്പാ അഭ്യര്‍ത്ഥിച്ചു.

റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്‌സ പള്ളിയില്‍ പാലസ്തീനികള്‍ക്കു നേരെ നടന്ന ഇസ്രായേല്‍ സേനയുടെ ആക്രമണത്തോടെയാണ് ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.