കോവിഡ് 19 -ന് എതിരെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഏവരേയും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

കോവിഡ് 19 -നെതിരെ പ്രതിരോധം തീര്‍ക്കുന്നതിനായി വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ വീഡിയോ സന്ദേശത്തില്‍, സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പാപ്പാ നന്ദി പറയുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.

“ദൈവത്തിന്റെ കൃപക്കും അതുവഴിയായി അനേകര്‍ നടത്തുന്ന വിവിധങ്ങളായ പരിശ്രമങ്ങള്‍ക്കും നന്ദി. കോവിഡ് 19 -ല്‍ നിന്ന് രക്ഷ നേടാന്‍ ഇന്ന് നമുക്ക് വാക്‌സിന്‍ ലഭ്യമായിരിക്കുന്നു. ഈ വാക്‌സിന്‍ നമ്മുടെ ലോകത്തിന് പ്രത്യാശ നല്‍കുന്നു. പക്ഷേ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പൂർണ്ണമായ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. അതിനായി എല്ലാവരും പരിശ്രമിക്കണം” – പാപ്പാ പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നത് സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. “സ്വയം സ്‌നേഹിക്കുന്നതിന്റെയും കുടുംബത്തോടുള്ള സ്‌നേഹത്തിന്റെയും സമൂഹത്തോടുള്ള സ്‌നേഹത്തിന്റെയും പ്രതിഫലനമാണത്. വാക്‌സിന്‍ എടുക്കാന്‍ മറ്റുള്ളവരെ സഹായിക്കുന്നത് പരസ്‌നേഹപ്രവര്‍ത്തിയായി കണക്കാക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.