ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്‌തോലിക യാത്രയുടെ രണ്ടാം ഭാഗമായ സ്ലൊവാക്കിയയിലെ സന്ദര്‍ശനം തുടരുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്‌തോലിക യാത്രയുടെ രണ്ടാം ഭാഗമായ സ്ലൊവാക്കിയയിലെ സന്ദര്‍ശനം തുടരുന്നു. സ്ലൊവാക്കിയയുടെ തെക്കുപടിഞ്ഞാറുള്ള ബ്രാത്തിസ്ലാവ എന്ന തലസ്ഥാന നഗരിയില്‍ നിന്നും സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച പ്രാദേശികസമായം രാവിലെ 8.10 -ന് (ഇന്ത്യൻ സമയം രാവിലെ 11.40) മാര്‍പാപ്പ രാജ്യത്തിന്റെ കിഴക്ക് 311 കിലോമീറ്റര്‍ അകലെയുള്ള കോഷിത്സെ നഗരത്തിലേക്ക് വിമാനത്തില്‍ യാത്രയായി. ഏതാണ്ട് 50 മിനിറ്റ് നീണ്ട യാത്രയ്ക്കു ശേഷം 9 മണിയോടെ അദ്ദേഹം കോഷിത്സെ വിമാനത്താവളത്തില്‍ എത്തി.

ഏതാണ്ട് രണ്ടുലക്ഷത്തി നാല്പതിനായിരം പേരോളം മാത്രമുള്ള കോഷിത്സെ നഗരം സ്ലൊവാക്കിയയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നഗരമാണ്. അയല്‍രാജ്യമായ ഹംഗറിയുടെ അതിര്‍ത്തി ഏതാണ്ട് 20 കിലോമീറ്ററുകള്‍ മാത്രം അകലെയാണ്. ശിലായുഗകാലം മുതല്‍ ആളുകള്‍ വസിച്ചിരുന്ന ഈ പ്രദേശത്ത് പക്ഷേ കോഷിത്സെ നഗരത്തിന് അടിസ്ഥാനമിടുന്നത് പതിമൂന്നാം നൂറ്റാണ്ടില്‍ അവിടെയെത്തിയ സ്ലാവിക് സമൂഹങ്ങളാണ്.

കോഷിത്സെ നഗരത്തില്‍ നിന്നും ഏതാണ്ട് 47 കിലോമീറ്ററുകള്‍ അകലെയുള്ള പ്രേഷോവ് നഗരത്തിലേക്ക് 9.15 -ന് യാത്രയാരംഭിച്ച് 10 മണിയോടെ അവിടെയുള്ള മെസ്‌കാ ഷ്‌പോര്‍ത്തൊവാ ഹാല എന്ന നഗരത്തിലെ കായികകേന്ദ്രത്തിലെത്തി. ഈ കെട്ടിടത്തിനു മുന്നില്‍ ഏതാണ്ട് അന്‍പത്തിമൂവായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്ന മൈതാനത്തു വച്ച് ബൈസന്റൈന്‍ ആരാധനാക്രമത്തില്‍ വി. ജോണ്‍ ക്രിസോസ്റ്റോമിന്റെ ബലിയര്‍പ്പിക്കാനാണ് പാപ്പാ അവിടെയെത്തിയത്.

ബൈസന്റൈന്‍ കത്തോലിക്കാ വിശ്വാസികള്‍ക്കായി 1818 സെപ്റ്റംബര്‍ 22 -ന് എപ്പാര്‍ക്കിയ ആയി സ്ഥാപിതമായ ഇവിടെ ഏതാണ്ട് ഒരുലക്ഷത്തി പതിനേഴായിരത്തിലധികം കത്തോലിക്കാ വിശ്വാസികളുണ്ട്. 163 ഇടവകകളും 18 മറ്റ് ദേവാലയങ്ങളുമുള്ള ഇവിടെ 282 ഇടവക വൈദികരും പത്തൊന്‍പത് മറ്റ് വൈദികരുമുണ്ട്. ഈശോസഭംഗമായ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ യാന്‍ ബാബ്യാക് ആണ് അതിരൂപതയെ നയിക്കുന്നത്. പ്രെഷോവ് നഗരത്തിലെ മൈതാനത്തു നടന്ന വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാനെത്തിയ ആയിരക്കണക്കിന് വിശ്വാസികളോട് പാപ്പാ സംസാരിച്ചു.

പ്രെഷോവില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കു ശേഷം പാപ്പാ അവിടെ നിന്ന് തിരികെ കാറില്‍ കിലോമീറ്റര്‍ അകലെ കോഷിത്സെ നഗരത്തിലുള്ള വി. കാര്‍ലോ ബോറോമേയോ മേജര്‍ സെമിനാരിയിലേക്കു പോയി. അവിടെയാണ് റൂഷോംബെറോക് കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുടെ ദൈവശാസ്ത്രവിഭാഗം സ്ഥിതിചെയ്യുന്നത്.

സെമിനാരിയില്‍ ഉച്ചഭക്ഷണത്തിനു ശേഷം പാപ്പാ, നാടോടിവര്‍ഗ്ഗക്കാരായ ആളുകള്‍ കൂടുതല്‍ വസിക്കുന്ന ല്യൂനിക് കത എന്ന കോഷിത്സെ നഗരഭാഗത്തേക്ക് 3.45 -ന് പോയി. അവരുമായി വൈകുന്നേരം നാലു മണിക്ക് തുടങ്ങി അരമണിക്കൂര്‍ നീളുന്ന കണ്ടുമുട്ടലിനു ശേഷം പാപ്പാ കോഷിത്സെയിലെതന്നെ ലോക്കോമോട്ടീവ എന്ന് അറിയപ്പെടുന്ന മൈതാനത്തേക്ക് പോകുകയും അവിടെ യുവജനങ്ങളുമായി കണ്ടുമുട്ടുകയും തുടര്‍ന്ന് തലസ്ഥാന നഗരമായ ബ്രാത്തിസ്ലാവ നഗരത്തിലേക്ക് തിരികെ യാത്രയാകുകയും ചെയ്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.