വി. ജോണ്‍പോള്‍ രണ്ടാമനു നേരെയുണ്ടായ ആക്രമണത്തിന്റെ നാല്‍പതാം വാര്‍ഷികം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പാ

വി. ജോണ്‍പോള്‍ രണ്ടാമനു നേരെയുണ്ടായ വധശ്രമത്തിന്റെ നാല്‍പതാം വാര്‍ഷികദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പ്രസ്തുത സംഭവത്തെ അനുസ്മരിച്ചു. ബുധനാഴ്ച പൊതുസന്ദര്‍ശകരായെത്തിയ പോളിഷ് തീര്‍ത്ഥാടകരോട് സംസാരിക്കവേയാണ് പാപ്പാ അക്കാര്യം പറഞ്ഞത്.

“ഫാത്തിമയിലെ മാതാവിന് സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ. പരിശുദ്ധ അമ്മ തന്നെ അദ്ദേഹത്തെ കാത്തുസംരക്ഷിക്കുകയും ചെയ്തു. ഇത് നമ്മുടെ ജീവിതത്തിലും ഒരു പാഠമാണ്. ലോകത്തിന്റെ ചരിത്രവും നമ്മുടെ ജീവിതങ്ങളുമെല്ലാം ദൈവകരങ്ങളിലാണ് എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു.” “സഭയേയും ലോകം മുഴുവനേയും നമ്മെത്തന്നെയും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കാം. സമാധാനത്തിനായും മഹാമാരിയുടെ വിടുതലിനായും ലോകത്തിന്റെ മാനസാന്തരത്തിനായുമെല്ലാം പ്രാര്‍ത്ഥിക്കുകയും ചെയ്യാം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

1981 മേയ് 13-നാണ് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്കു നേരെ വധശ്രമമുണ്ടായത്. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലൂടെ തുറന്ന കാറില്‍ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്ത് നീങ്ങവേയായിരുന്നു സംഭവം. മേയ് 13 ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ്. അക്രമി ഉതിര്‍ത്ത വെടിയുണ്ടകള്‍ പാപ്പായില്‍ കാര്യമായി ക്ഷതമേല്‍പ്പിച്ചില്ല. വെടിയേറ്റ് കുഴഞ്ഞുവീണപ്പോള്‍ ഒരു അദൃശ്യകരം തന്നെ താങ്ങുന്നതായി അനുഭവപ്പെട്ടു എന്നാണ് പാപ്പാ പറഞ്ഞത്. അത് പരിശുദ്ധ മറിയത്തിന്റേതായിരുന്നു എന്നും പാപ്പാ ലോകത്തോട് പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.