നിക്കരാഗ്വന്‍ ജനതയ്ക്കുവേണ്ടി പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥന

നിക്കരാഗ്വയിലെ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും അവരെ തന്റെ സ്‌നേഹം അറിയിച്ചും ഫ്രാന്‍സിസ് പാപ്പ. കത്തീഡ്രല്‍ ദേവാലയത്തിലെ ക്രൂശിതരൂപം തകര്‍ക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തെ തുടര്‍ന്നാണ് പാപ്പാ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചത്.

ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ നിക്കരാഗ്വയിലെ ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. “മനാഗ്വുയിലെ കത്തീഡ്രല്‍ ആക്രമണത്തെ തുടര്‍ന്ന് വേദനയനുഭവിക്കുന്ന നിക്കരാഗ്വയിലെ ജനതയെ ഞാന്‍ ഓര്‍ക്കുന്നു. നൂറ്റാണ്ടുകളായി വിശ്വാസികളുടെ ജീവനും ജീവിതവും സംരക്ഷിച്ചിരുന്ന, കാവലായിരുന്ന വിശുദ്ധ കുരിശുരൂപമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് തികച്ചും വേദനാജനകമാണ്. പ്രിയപ്പെട്ട ജനമേ, നിങ്ങളെ ഞാനെന്റെ സ്‌നേഹം അറിയിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു” – പാപ്പാ പറഞ്ഞു.

ജൂലൈ 31-ന് രാവിലെ പതിനൊന്നു മണിയോടെയാണ് ദേവാലയത്തിലെ 400 വര്‍ഷം പഴക്കമുള്ള ക്രിസ്തുരൂപം തകര്‍ത്തത്. 1996-ല്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ തന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഈ ചിത്രത്തിനു മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.