2018 – ൽ ഫ്രാൻസിസ് പാപ്പാ നേരിടേണ്ട വെല്ലുവിളികൾ 

2018 ഫ്രാന്‍സിസ് പാപ്പയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ്‌. ആഗോള കത്തോലിക്ക സഭയുടെ തലവനായി ഫ്രാന്‍സിസ് പാപ്പാ ചുമതലയേറ്റിട്ടു അഞ്ചാമത്തെ വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. ഫ്രാന്‍സിസ് പാപ്പയുടെ അഞ്ചാം പ്രവര്‍ത്തന വര്‍ഷത്തെ സഭയും ലോകവും ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുക. ഒപ്പം ഒരുപാട് പ്രതിസന്ധികളെയും പാപ്പാ ഈ വര്‍ഷം തരണം ചെയ്യേണ്ടിയിരിക്കുന്നു.

2018 ന്റെ ആദ്യമാസങ്ങളില്‍ അപ്രതീക്ഷിതമായി എത്തുന്ന കാര്യങ്ങളെ കൂടാതെ പ്രധാനമായും അഞ്ചു  കാര്യങ്ങള്‍ ആണ് പാപ്പാ നേരിടേണ്ടി വരിക എന്നാണ് ‘റോം റിപ്പോര്‍ട്ട്സ് ഡോട്ട് കോം’ പറയുന്നത്. അതില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഒന്നാണ് ലോക സമാധാനം പുനസ്ഥാപിക്കുക എന്നത്. ആഗോളതലത്തില്‍ പ്രത്യേകിച്ചു കൊറിയയിലും, മധ്യപൂർവ ദേശത്തും, വർദ്ധിച്ചുവരുന്ന അസമാധാനം പാപ്പായെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. തര്‍ക്കങ്ങളും കലാപങ്ങളും ഒഴിവാക്കുന്നതിനായി പുതിയ പാലങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരും എന്ന് തീര്‍ച്ചയാണ്.

ഈ വര്‍ഷം ആദ്യം നടത്താനിരിക്കുന്ന ചിലി സന്ദര്‍ശനവും ആഗസ്റ്റ് മാസത്തിൽ അയർലൻഡിലേയ്ക്ക് നടത്തുന്ന യാത്രയും പാപ്പായെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ല. ഈ സ്ഥലങ്ങളില്‍ സഭ അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് മറ്റൊരു പ്രശ്നമായി തുടരുന്നു. ഇതു കൂടാതെ പാപ്പാ ഈ വര്‍ഷം ബോള്‍ട്ടിക്ക് രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും യാത്രചെയ്യാന്‍ പദ്ധതിയിടുന്നു. ഇവ എത്രത്തോളം സാധ്യമാകും എന്നത് ചോദ്യചിഹ്നമായി തുടരുന്നു. ഒക്ടോബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന യുവജനങ്ങള്‍ക്കായി ഉള്ള സിനഡിനെ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനായി ലോകം മുഴുവന്‍ ഉള്ള ക്രൈസ്തവരെയും അക്രൈസ്തവരെയും ഒരുമിച്ചു കൂട്ടുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുക എന്നത് വളരെ ശ്രമകരമായിരിക്കും.

2018 -ഓടെ വത്തിക്കാന്‍ കൂരിയ പരിഷ്കരിക്കുന്നതിനാവശ്യമായ ഭരണഘടന പൂര്‍ത്തിയാക്കുന്നതിനാണ് പാപ്പാ തീരുമാനിച്ചിരിക്കുന്നത്. അതിനായി ഉള്ള തയ്യാറെടുപ്പിലായിരുന്നു പാപ്പാ. ഇത് വത്തിക്കാന്റെ പ്രവര്‍ത്തന സംവിധാനത്തെ കൂടുതൽ ലളിതമാക്കുന്നു.  ഫ്രാന്‍സിസ് പാപ്പയെ ആശങ്കപ്പെടുത്തുന്ന മറ്റൊന്നാണ് വിശ്രമ ജീവിതം നയിക്കുന്ന ബെനഡിക്റ്റ് പാപ്പയുടെ ആരോഗ്യം. ഏപ്രില്‍ മാസത്തോടെ തൊണ്ണൂറ്റിഒന്നാം വയസിലേയ്ക്ക് കടക്കുന്ന പാപ്പയുടെ ആരോഗ്യം ക്ഷയിച്ചു വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുക.

ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ വര്‍ഷത്തില്‍ ഈ കടമ്പകള്‍ കടക്കാനായാല്‍ തൃപ്തികരമായി മുന്നോട്ട് കൊണ്ടുപോകാനാകും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.