പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുതലിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കാം: നയതന്ത്രജ്ഞരോട് മാര്‍പാപ്പ

അധികാരപത്ര സമര്‍പ്പണത്തിനായെത്തിയ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുതലിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്ന് അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. ലോകം നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാന്‍ നയതന്ത്രജ്ഞര്‍ക്ക് കടമയും ഉത്തരവാദിത്വവുമുണ്ടെന്നും പാപ്പാ സൂചിപ്പിക്കുകയും ചെയ്തു.

സിംഗപ്പൂര്‍, സിംബാവേ, ബംഗ്ലാദേശ്, അള്‍ജീരിയ, ശ്രീലങ്ക, ബാര്‍ബദോസ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാണ് പാപ്പായ്ക്ക് അധികാരപത്രം സമര്‍പ്പിക്കാനായി വത്തിക്കാനില്‍ എത്തിയത്.

“പലര്‍ക്കും ഇന്ന് പല കാരണങ്ങളാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരേയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കുടുംബങ്ങള്‍ പലതും കടുത്ത സാമ്പത്തികബാധ്യതകളിലൂടെ കടന്നുപോകുന്നു. സാമൂഹിക സുരക്ഷിതത്വം അവരില്‍ പലര്‍ക്കും ലഭിക്കുന്നില്ല. ഈ മഹാമാരിക്കാലം ഒന്നിച്ചുനില്‍ക്കേണ്ടതിന്റെയും ഒരു കുടുംബമായി വര്‍ത്തിക്കേണ്ടതിന്റെയും പാവങ്ങളുടെ നേരെ ശ്രദ്ധ തിരിക്കേണ്ടതിന്റെയും ആവശ്യകതയും നമ്മെ പഠിപ്പിക്കുകയും ചെയ്തു” – പാപ്പാ പറഞ്ഞു.

ഇക്കാരണങ്ങളാല്‍ കരുതലിന്റേതായ ഒരു സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടതിന് ധൈര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സമൂഹത്തിന്റെ പ്രതിനിധികളായ നിങ്ങള്‍ നേതാക്കള്‍ക്ക് സാധിക്കട്ടേയെന്നും പാപ്പാ നയതന്ത്രജ്ഞരോട് പറഞ്ഞു. സഹകരണവും സാഹോദര്യവും മനുഷ്യത്വവും നീതിയും പ്രതിസന്ധികളെ നേരിടാനും മറികടക്കാനുമുള്ള വിവിധ മാര്‍ഗങ്ങളായി ഭവിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.