നിങ്ങളുടെ കരങ്ങളും ചിന്തകളും സമയവും ഈശോയ്ക്ക് കൊടുക്കുക: അള്‍ത്താര ശുശ്രൂഷകരോട് മാര്‍പാപ്പ

നിങ്ങളുടെ കരങ്ങളും ചിന്തകളും സമയവും ഈശോയ്ക്ക് കൊടുക്കുക എന്ന് ലോകമെമ്പാടുമുള്ള അള്‍ത്താര ശുശ്രൂഷകരോടായി ഫ്രാന്‍സിസ് പാപ്പാ. പോര്‍ച്ചുഗലിലെ അള്‍ത്താര ശുശ്രൂഷകരുടെ സംഘം ഫാത്തിമയിലെ പരിശുദ്ധ ദൈവമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് നടത്തിയ 25-ാം ദേശീയ തീര്‍ത്ഥാടനത്തേയും അവിടെവച്ചു നടത്തിയ കൂട്ടായ്മയേയും അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് പാപ്പാ ഈ ഉപദേശം നല്‍കിയത്. പോര്‍ച്ചുഗീസ് ബിഷപ്പ്‌സ് കമ്മീഷന്റെ പ്രസിഡന്റ്, ബിഷപ്പ് ജോസ് മാനുവല്‍ ഗ്രേഷ്യയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് അള്‍ത്താര ശുശ്രൂഷകര്‍ക്ക് പാപ്പാ തന്റെ ആശംസകളും അനുഗ്രഹവും നേര്‍ന്നത്.

“അള്‍ത്താര ശുശ്രൂഷകരായ നിങ്ങള്‍ തന്റെ സവിധത്തില്‍ ആയിരിക്കുന്നതില്‍ പരിശുദ്ധ അമ്മ സന്തോഷിക്കുന്നുണ്ടാവും. കാനായില്‍ ഈശോയുടെ ആദ്യ അത്ഭുതം നടന്ന വേളയില്‍ അമ്മ പരിചാരകരോട് മന്ത്രിച്ചതുപോലെ നിങ്ങളോടും മന്ത്രിക്കുന്നുണ്ട്, ‘അവന്‍ പറഞ്ഞതുപോലെ ചെയ്യുക’ എന്ന്” – പാപ്പാ പറഞ്ഞു.

അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്ന അള്‍ത്താരയില്‍ ആയിരിക്കാന്‍ കഴിയുക എന്നത് എത്രമാത്രം ഭാഗ്യമാണെന്നും അതുകൊണ്ടു തന്നെ അത്രമാത്രം വിശുദ്ധിയോടെ വേണം അള്‍ത്താരയെ സമീപിക്കാനെന്നും പാപ്പാ പറഞ്ഞു. അതുപോലെ തന്നെ നിങ്ങളുടെ കരങ്ങളും ചിന്തകളും സമയവുമെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ചുകൊണ്ടു വേണം ഓരോ തവണയും അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യാനെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ഇപ്രകാരം ചെയ്താല്‍ ഈശോ ഒരിക്കലും നിങ്ങള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയില്ല എന്നും യഥാര്‍ത്ഥ സന്തോഷവും പൂര്‍ണ്ണമായ ആനന്ദവും നിങ്ങളില്‍ അവിടുന്ന് നിക്ഷേപിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, അള്‍ത്താര ശുശ്രൂഷകരെന്ന നിലയില്‍ നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവും ആകണമെന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു. ഈശോയുടെ വളര്‍ത്തുപിതാവും പരിശുദ്ധ മറിയത്തിന്റെ ഭര്‍ത്താവുമെന്ന നിലയില്‍ വി. യൗസേപ്പ് ഒരു ദേവാലയശുശ്രൂഷകനായിരുന്നുവെന്നും അദ്ദേഹത്തെ മാതൃകയാക്കി വേണം അള്‍ത്താര ശുശ്രൂഷകരെന്ന നിലയില്‍ നിങ്ങളും ജീവിക്കാനെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.