ഫിലിപ്പീൻസിനും പോളണ്ടിനും സഹായം നൽകി പാപ്പാ

ഫിലിപ്പീൻസിൽ കഴിഞ്ഞയിടയുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കും, പോളണ്ട്-ബെലാറസ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്കും സഹായം നൽകി ഫ്രാൻസിസ് പാപ്പാ. മാനവിക സമഗ്രവികസനത്തിനായുള്ള റോമൻ ഡിക്കാസ്റ്ററി വഴിയാണ് ഫിലിപ്പീൻസിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കും പോളണ്ട് അതിർത്തിയിലുള്ള കുടിയേറ്റക്കാർക്കും പാപ്പാ സഹായമയച്ചത്.

ഫിലിപ്പീൻസിലെ 11 പ്രവിശ്യകളിലായി ഏതാണ്ട് 80 ലക്ഷം ആളുകളെ ബാധിക്കുകയും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത അതിതീവ്ര ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ കഴിയുന്ന ആളുകൾക്ക് ഒരു ലക്ഷം യൂറോയാണ് പാപ്പാ സഹായമായി അയക്കുന്നത്. ഈ സഹായം ഫിലിപ്പീൻസിലേക്കുള്ള വത്തിക്കാൻ നയതന്ത്രകാര്യാലയം വഴി എത്തിച്ച് അവിടെയുള്ള പ്രാദേശികസഭയിലൂടെ സഹായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്.

പോളണ്ട്-ബെലാറസ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്കും സഹായമെത്തിക്കുവാൻ പാപ്പാ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പോളണ്ട് അതിർത്തിയിൽ ഉള്ള കുടിയേറ്റക്കാർക്കും, പോളണ്ടിലെ കാരിത്താസ് സംഘടനയ്‌ക്കും, നിലവിലെ അടിയന്തിരാവസ്ഥ നേരിടുവാനായി ഒരു ലക്ഷം യൂറോയാണ് പാപ്പാ അയക്കുന്നത്. നിരവധി അവസരങ്ങളിൽ യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.