വലിച്ചെറിയല്‍ സംസ്കാരത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ

    വിദ്യാഭ്യാസത്തിനും സാമൂഹിക നന്മയ്ക്കുമായി സ്പെയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തര യുവജന സംഘടനയാണ് – വിശ്വാസവും ആനന്ദവും രാജ്യാന്തര സംയുക്തസംഘടന (Faith and Joy, International Federation).

    കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്ക് ജൂണ്‍ 19-ാο തീയതി ബുധനാഴ്ച അയച്ച ഒരു ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ് വലിച്ചെറിയല്‍ സംസ്കാരത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചത്.

    തലമുറകള്‍ ഒന്നിക്കുന്ന മാനവികത, പ്രസ്ഥാനത്തിന്‍റെ പ്രധാന പങ്ക്, അതിന്‍റെ ഓരോ സ്ഥലത്തെയും ഓഫീസുകളുടെ തലവന്മാരിലോ അതിന്‍റെ സംഘാടകരിലോ അല്ല!വിശ്വാസവും ആനന്ദവും – പ്രസ്ഥാനത്തിന്‍റെ ബഹുഭൂരിപക്ഷം അംഗങ്ങളും യുവജനങ്ങളും വിദ്യാര്‍ത്ഥികളുമാകയാല്‍, അതിന്‍റെ പ്രധാന പങ്ക് യുവതീ-യുവാക്കളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പ്രസ്ഥാനത്തിന്‍റെ ഭാവിയുടെ മാത്രമല്ല, ഇന്നിന്‍റെയും ഉത്തരവാദികള്‍ യുവജനങ്ങളാണ്. നാളെയും ഇന്നും, ഭാവിയും വര്‍ത്തമാനവും ഒരുപോലെ യുവജനങ്ങളുടെ കൈയ്യിലാണെന്നും അതിനാല്‍ യുവജനങ്ങളും വയോജനങ്ങളും ഒരുപോലെ ഉള്‍ച്ചേരുന്ന മാനവസമൂഹമാണ് യഥാര്‍ത്ഥത്തില്‍ മാനവകുലത്തിന് ആനന്ദദായകമെന്നും ഹ്രസ്വ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനം ചെയ്തു.

    കൂട്ടായ്മയുടെ സംസ്കാരം

    മാനവകൂട്ടായ്മ ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടത് മനുഷ്യര്‍ തന്നെയാണ്. യുവജനങ്ങള്‍ ഈ ഉത്തരവാദിത്ത്വം ഏറ്റെടുത്തില്ലെങ്കില്‍ ഭാവി അപകടത്തിലാണ്. നാളെയുടെയും ഇന്നിന്‍റെയും ഉത്തരവാദികളായ യുവജനങ്ങള്‍ ഉന്മേഷത്തോടും പ്രകാശപൂര്‍ണ്ണമായ മനസ്സോടും കൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയുടെ സാമൂഹികവും ധാര്‍മ്മികവുമായ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.

    വലിച്ചെറിയല്‍ സംസ്കാരത്തിനെതിരെ

    കൂട്ടായ്മയുടെ സംസ്കാരം ഇന്ന് ഇല്ലാതാവുകയാണ്. അപരനെ ഒഴിവാക്കുന്ന രീതിയാണ് സമൂഹത്തില്‍ വളര്‍ന്നുവരുന്നത് – ഉപയോഗമില്ലാത്തത് വലിച്ചെറിയാം എന്ന ചിന്തയുള്ള ഒരു “വലിച്ചെറിയല്‍ സംസ്കാരം.” സാമൂഹ്യഭദ്രതയുടെ പേര് പറഞ്ഞ്, ക്രമഭംഗം വരുത്തിയേക്കാവുന്ന ചിലരെ സമൂഹത്തില്‍ നിന്നും ഒഴിവാക്കുന്ന രീതിയാണ് ചുറ്റും കണ്ടുവരുന്നത്.

    സാമ്പത്തികവും സാങ്കേതികവും സാംസ്കാരികവുമായ നേട്ടവും മേന്മയും ഇല്ലാത്തവരെ സമൂഹം തള്ളിമാറ്റുന്നു അല്ലെങ്കില്‍ പിന്‍തള്ളുന്നു. ഇന്ന് സമൂഹം പ്രായമായവരെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണ്..? അവരില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ല, അവര്‍ ഉപയോഗശൂന്യരാണ്, അവര്‍ കുടുംബത്തിനും സമൂഹത്തിനും ഭാരമാണ് എന്നെല്ലാം ചിന്തിക്കുന്നതു കൊണ്ടാണ്. ഇത് ശരിയല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ സമര്‍ത്ഥിച്ചു.

    “സാകല്യ സംസ്കൃതി” ഇന്നിന്‍റെ ആവശ്യം

    വിശ്വാസവും ആനന്ദവും സംയുക്ത പ്രസ്ഥാനം നല്കുന്ന നിര്‍ദ്ദേശവും അത് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യവും ഇന്നിന്‍റെ രീതികള്‍ക്ക് നേര്‍വിപരീതമാണ്. സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതിയാണ് ഇവിടെ നമുക്ക് ആവശ്യം. യുവജനങ്ങളുടെ രാജ്യാന്തര പ്രസ്ഥാനം പഠിപ്പിക്കുന്ന ക്രിയാത്മകമായ ഈ ചിന്തയ്ക്ക് ഒരു യോഗാത്മക (mystique) ശക്തിയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടി. കാരണം, അവിടെയെല്ലാം അധികമാകുന്ന കൂട്ടായ്മയാണ്. അവിടം സമ്പന്നമാണ്. അത് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമ്പന്നതയാണ്! പാപ്പാ വാക്കുകള്‍ ഇങ്ങനെ ഉപസംഹരിച്ചു.

    ഫാ. വില്യം നെല്ലിക്കല്‍ 

    കടപ്പാട്: www.vaticannews.va