ബോണ്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കൗമാരക്കാരന്റെ പുണ്യജീവിതത്തിന് ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരം

1963-ല്‍ പതിനാലാം വയസില്‍ മരിച്ച ആഞ്ചിയോലീനോ ബൊണേറ്റ എന്ന ഇറ്റാലിയന്‍ ബാലന്റെ വീരോചിത പുണ്യജീവിതത്തിന് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കിയതായി വത്തിക്കാന്‍ അറിയിച്ചു. വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്ചുവാണ് മറ്റു നാലു പേരോടൊപ്പം ആഞ്ചിയോലീനോയുടേയും വീരോചിതപുണ്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചത്.

1948 സെപ്റ്റംബര്‍ 18-നു ജനിച്ച ആഞ്ചിയോലീനോ, പഠനത്തിലും സ്‌പോട്‌സിലും താരമായിരുന്നു. കാല്‍മുട്ടില്‍ വേദന തുടങ്ങിയപ്പോള്‍ കായികപരിശീലനത്തിന്റെ ഭാഗമാകുമെന്നു കരുതി. ശരീരഭാരം കുറഞ്ഞുവന്നതോടെ ആശുപത്രിയില്‍ പോയി. ബോണ്‍ കാന്‍സറാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. പന്ത്രണ്ടാം വയസില്‍ അവന്റെ കാല്‍ മുറിച്ചുമാറ്റപ്പെട്ടു.

കാന്‍സറിന്റെ പീഢകളിലും സദാ സന്തോഷവാനും പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുമായിരുന്നു ആഞ്ചിയോലീനോ. പാപികളുടെ മാനസാന്തരത്തിനായാണ് ആ കുട്ടി തന്റെ കഠിനവേദനകളെല്ലാം സമര്‍പ്പിച്ചുകൊണ്ടിരുന്നത്. തന്റെ അവസ്ഥയില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നവരോട് അവന്‍ പറഞ്ഞിരുന്നത്: “ഈ വേദന ഉള്ളതുകൊണ്ട് ഓരോ നിമിഷവും എനിക്ക് ഓരോ ആത്മാക്കളെ രക്ഷിക്കാന്‍ കഴിയുന്നുണ്ടല്ലോ” എന്നാണ്. അതുപോലെ തന്നെ പരിശുദ്ധ മറിയത്തോടും അവന്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. മാതാവിനോട് ഞാനൊരു കാര്യം ചോദിച്ചിട്ടുണ്ടെന്നും എന്റെ ശുദ്ധീകരണം ഈ ലോകം കൊണ്ട് തീര്‍ത്തുതരണമെന്നും എന്നെ നേരെ സ്വര്‍ഗത്തിലേയ്ക്ക് കൊണ്ടുപോകണമെന്നും മാതാവിനോട് പറഞ്ഞിട്ടുണ്ടെന്നും മാതാവ് അത് സമ്മതിച്ചിട്ടുണ്ടെന്നും അവന്‍ എപ്പോഴും അമ്മയോട് പറയുമായിരുന്നു.

മാതാവിന്റെ രൂപത്തിലേയ്ക്ക് തല തിരിച്ച്, കയ്യില്‍ ക്രൂശിതരൂപവും വഹിച്ച് ശാന്തമായ മരണമാണ് പതിനാലാം വയസില്‍ ആഞ്ചിയോലീനോ വരിച്ചത്. പാപ്പായുടെ അംഗീകാരം ലഭിച്ചതോടെ ധന്യപദവിയിലേയ്ക്ക് ആഞ്ചയോലീന ഉയര്‍ത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.