നല്ല സമൂഹങ്ങള്‍ സൃഷ്ടിക്കാന്‍ ധ്യാനവും കാരുണ്യവും ആവശ്യം: മാര്‍പാപ്പ

ഫ്രാന്‍സിസ് പാപ്പായുടെ പരിസ്ഥിതിസംബന്ധിയായ ചാക്രികലേഖനത്തിന്റെ ചുവടു പിടിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ സമൂഹങ്ങളെ വത്തിക്കാനില്‍ സെപ്തംബര്‍ 12-ാം തീയതി പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു നല്‍കിയ പ്രഭാഷണത്തിലാണ് ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത് – “നാമെല്ലാം സൃഷ്ടികളായതുകൊണ്ട് ഓരോന്നിനും പരസ്പരബന്ധുത്വമുണ്ട്. എല്ലാം പരസ്പരബന്ധിതമാണ്  എന്നതുകൊണ്ടാണ് അത് സംയോജിതമാകുന്നതെന്നും എല്ലാം ശ്രുതിയിണക്കമുള്ളതായിരിക്കണമെന്നും” പാപ്പാ പ്രസ്താവിച്ചു.

ഈ മഹാമാരിയും അതുതന്നെയാണ് തെളിയിക്കുന്നത്. മനുഷ്യരുടെ ആരോഗ്യം അവര്‍ ജീവിക്കുന്ന പരിസ്ഥിതിയില്‍ നിന്നു വേര്‍പെടുത്താനാവില്ല. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത്. വിശപ്പിനും ദാരിദ്ര്യത്തിനും കാരണമാവുകയും ദുര്‍ബലരായവരെ തങ്ങളുടെ നാടും വീടും വിട്ട് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. സൃഷ്ടിയോടുള്ള അവഗണനയും സാമൂഹ്യ അനീതികളും പരസ്പരം സ്വാധീനിക്കുന്നവയാണ്. സമത്വമില്ലെങ്കില്‍ പരിസ്ഥിതി ഇല്ലെന്നും പരിസ്ഥിതിയില്ലെങ്കില്‍ സമത്വം ഉണ്ടാവുകയില്ലെന്നും പറയേണ്ടിയിരിക്കുന്നു. തുടര്‍ന്ന് സംയോജിത പരിസ്ഥിതിവീക്ഷണത്തിന്റെ രണ്ട് പ്രധാനഘടകങ്ങളാണ് ധ്യാനവും അനുകമ്പയുമെന്ന് പാപ്പാ വിശദീരിച്ചു.

ഇന്ന് നമ്മെ വലയം ചെയ്തിരിക്കുന്ന പ്രകൃതിയെ നാം ആദരിക്കുകയോ അതിനെക്കുറിച്ച് ധ്യാനിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, മനുഷ്യന്‍ ലാഭത്തിനായി ആര്‍ത്തിയോടെ ഭൂമിയെയും അതിലെ വസ്തുക്കളെയും ഉപയോഗിക്കുകയാണ്. ഭൂമിയില്‍ ഉള്ളതിനോടും അത് നമുക്കു നല്‍കിയവരോടുമുളള കൃതജ്ഞതയാണ് നഷ്ടമാകുന്നതെന്നത് ഏറെ ഗുരുതരമായ തെറ്റാണ്. ഇത് മറക്കാതിരിക്കണമെങ്കില്‍ നാം ധ്യാനത്തിലേയ്ക്ക് തിരിച്ചുപോകണം. ആയിരം പാഴ്ക്കാര്യങ്ങളില്‍ ശ്രദ്ധ തിരിയാതിരിക്കണമെങ്കില്‍ വീണ്ടും ജീവിതത്തില്‍ നിശ്ബ്ദത കണ്ടെത്തേണ്ടത് ആവശ്യമാണ്. പാഴ്ക്കാര്യങ്ങള്‍ മൂലം ഹൃദയത്തിന് അസുഖം വരാതിരിക്കാന്‍ ചിലത് ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്; അതത്ര എളുപ്പമല്ല.

ധ്യാനിക്കുക എന്നാല്‍ നിശബ്ദരായിരിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ഓരോരുത്തരും സമയം കണ്ടെത്തുകയെന്നാണ്. അങ്ങനെ ആത്മാവ് താദാത്മ്യം പ്രാപിക്കുകയും മനസ്സും ഹൃദയവും കൈകളും തമ്മിലും ചിന്തകളും പ്രവൃത്തികളും തമ്മിലും ആരോഗ്യകരമായ സന്തുലനം പ്രാപിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ധ്യാനം നിങ്ങളെ നയിക്കുന്നത് പ്രവൃത്തിയിലേയ്ക്കാണ്. കടമകള്‍ സത്യസന്ധമായും നീതിനിഷ്ഠമായും ചെയ്യുവാന്‍ ധ്യാനം നമ്മെ സഹായിക്കും – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.