ലോകത്തിന് ക്രിസ്തു പ്രത്യാശയുടെ തെളിദീപം

ക്രിസ്തുവില്‍ ലോകത്തിനു ലഭ്യമായ ദൈവികസാമീപ്യം മനുഷ്യജീവിതങ്ങള്‍ക്ക് അര്‍ത്ഥവും പ്രത്യാശയും പകരുന്ന ദിവ്യവെളിച്ചമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ പൊതുവായ കാര്യങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥന്മാരുമായി ക്ലെമെന്‍റൈന്‍ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്.

വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പതിവുള്ള ഈ കൂട്ടിക്കാഴ്ചയില്‍ ക്രിസ്തുമസ്സിന്‍റെയും പുതുവത്സരത്തിന്‍റെയും ഓര്‍മ്മകള്‍ ദൈവസ്നേഹത്തിന്‍റെ അപാരതയെയും മനുഷ്യരോടുള്ള അവിടുത്തെ സാമീപ്യത്തെയും ധ്യാനിക്കാന്‍ നമ്മെ  പ്രാപ്തരാക്കുന്നു. ദൈവം മനുഷ്യരിലേയ്ക്ക് താഴ്മയില്‍ ഇറങ്ങിവന്നെന്ന ധ്യാനം, ഇന്നു നാം നേരിടുന്ന നിരവധിയായ ചെറുതും വലുതുമായ പ്രതിസന്ധികളില്‍നിന്നും ഉയര്‍ന്ന്,  പ്രത്യാശയോടെ മുന്നോട്ടുപോകാനുള്ള കരുത്തുപകരുന്നു. ദൈവികസാമീപ്യത്തിന്‍റെ  ചിന്ത അനുദിന ജീവിതത്തെ മനോഹരവും ഫലവത്തുമാക്കുമെന്നു  പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവവുമായി ഐക്യപ്പെട്ടവര്‍ക്കാണ് സഹോദരങ്ങളുമായി, പ്രത്യേകിച്ചും രോഗവും, പരിത്യക്തതയും, ഏകാന്തതയും, പാര്‍ശ്വവത്ക്കരണവും അനുഭവിക്കുന്നവരുമായി സ്നേഹത്തോടെ ജീവിക്കാനും അവരുമായി കാരുണ്യത്തോടെ ഇടപഴകാനും സാധിക്കുന്നത്.

ജനങ്ങളുമായി ഇടപഴകുക എന്നത് സുരക്ഷാസേവകരുടെ പ്രത്യേകതയും ജോലിയുടെ ഭാഗവുമാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വത്തിക്കാനില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിട്ടാണ് ഇവിടത്തെ സുരക്ഷാസേവകര്‍ ഇടപഴകുന്നത്.  വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്കുന്ന സംരക്ഷണയ്ക്കും സൗഹൃദപരമായ നിര്‍ദ്ദേശങ്ങള്‍ക്കും സഹായങ്ങള്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.