എല്ലാവരും വിലപ്പെട്ടവരും ശ്രേഷ്ഠരും ഹൃദ്യരും: ലാസറസ് അസോസിയേഷന്‍ അംഗങ്ങളോട് മാര്‍പാപ്പ

ഫ്രാന്‍സിലെ ‘ലാസര്‍’ അസോസിയേഷന്‍ അംഗങ്ങളുമായി സംഘടനയുടെ പത്താം വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും എല്ലാ ജനങ്ങളേയും വിലപ്പെട്ടവരും ശ്രേഷ്ഠരും ഹൃദ്യരുമായി കണക്കാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള അവരുടെ വിലയേറിയ സേവനങ്ങളെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.

ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം ലാസര്‍ അസോസിയേഷന്‍ അംഗങ്ങളുമായി പാപ്പാ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഇത്തവണ അതിന് സാധിച്ചതിനെപ്രതി പാപ്പാ ദൈവത്തിന് നന്ദി പറയുകയും ചെയ്തു.

“ഇന്നത്തെ കാലത്തും സമഗ്രമായ വിശ്വാസത്തിലും നല്ല ഉദ്ദേശത്തിലും ധൈര്യത്തോടെയും സേവനത്തിനും സാഹോദര്യ പ്രചരണത്തിനുമായി പ്രവര്‍ത്തിക്കുന്നവരെ കാണുന്നതിലും പരിചയപ്പെടുന്നതിലും വലിയ സന്തോഷം. മറ്റുള്ളവരോടൊപ്പമായിരിക്കുക, അതില്‍ സന്തോഷം കണ്ടെത്തുക, കുടുംബത്തിലെന്നപോലെ ഉദാരമനസ്‌കത പ്രകടമാക്കുക, ഒന്നിച്ച് ഒറ്റക്കെട്ടായി എളിമയോടെ ജീവിക്കുക തുടങ്ങിയ മൂല്യങ്ങളും ലക്ഷ്യങ്ങളുമാണ് നിങ്ങളുടെ സംഘടന പ്രകടമാക്കുന്നത്.

ക്രിസ്തുവുമായി നിങ്ങള്‍ പുലര്‍ത്തുന്ന ഗാഢമായ സൗഹൃദത്തിന്റെ ഫലമായാണ് ഇപ്രകാരം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങള്‍ക്ക് കഴിയുന്നതിനുള്ള കാരണവും. ലോകത്തിന്റെ അതിര്‍ത്തികള്‍ വരേയും ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുക എന്ന സഭയുടെ പരമോന്നതമായ ദൗത്യത്തിലാണ് നിങ്ങള്‍ ഭാഗഭാക്കുകളാവുന്നത്” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

2011-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച സംഘടനയാണ് ലാസര്‍ അസോസിയേഷന്‍. ഭവനരഹിതരായവരെ, സുമനസ്സുകളും ജോലിയുടെയോ മറ്റോ ഭാഗമായി ഒറ്റയ്ക്ക് ജീവിക്കുന്നവരുമായ യുവാക്കളുടെ വീടുകളിലോ ഫ്‌ളാറ്റുകളിലോ അഭയം നല്‍കി സംരക്ഷിക്കുക എന്ന പദ്ധതിയാണ് ഇവര്‍ പ്രധാനമായും ചെയ്തുവരുന്നത്. ഇതുവഴി സാമൂഹിക ഐക്യം വളര്‍ത്തുകയും എല്ലാ മനുഷ്യരും വിലപ്പെട്ടവരും ബഹുമാന്യരും ശ്രേഷ്ഠരുമാണെന്ന ചിന്ത സമൂഹത്തില്‍ വളര്‍ത്തുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.