ദൈവിക പദ്ധതിയിൽ വിശ്വസിക്കാൻ വേണ്ട ധൈര്യത്തിനായി യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുക : ഫ്രാൻസിസ് പാപ്പാ

ജീവിതത്തിന്റെ പ്രയാസങ്ങളിൽ ദൈവിക പദ്ധതിയിൽ വിശ്വസിക്കാൻ വേണ്ട ധൈര്യത്തിനായി യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കണമെന്ന് വിശ്വാസികളോട് ഫ്രാൻസിസ് പാപ്പാ. ഡിസംബർ 29-ന് തന്റെ പ്രതിവാര പൊതു സമ്മേളനത്തിനിടെ, യൗസേപ്പിതാവും ഹേറോദേസും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യൗസ്സേപ്പിതാവ് നമുക്ക് നൽകുന്ന പാഠം ഇതാണ്: ജീവിതം എപ്പോഴും നമുക്കായി പ്രതികൂല സാഹചര്യങ്ങൾ കരുതിവയ്ക്കുന്നു. അവയിൽ നമുക്ക് ഭീഷണിയും ഭയവും അനുഭവപ്പെടാം. പക്ഷേ അത് ഹേറോദേസ് ചെയ്യുന്നതുപോലെ നമ്മിലെ ഏറ്റവും മോശമായത് പുറത്തുകൊണ്ടുവരാനല്ല. പിന്നെയോ, ഭയത്തോട് പ്രതികരിക്കുന്ന യൗസേപ്പിതാവിനെപ്പോലെ ദൈവത്തിന്റെ കരുതലിൽ സ്വയം ഭരമേൽപ്പിക്കാനാണ്. ധൈര്യം നായകന് മാത്രമുള്ള ഒരു ഗുണമായാണ് പലപ്പോഴും കണക്കാക്കുന്നത്. ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിന് ധൈര്യം ആവശ്യമാണ്. ഒരാൾക്ക് ധൈര്യമില്ലാതെ ജീവിക്കാൻ കഴിയില്ല. എല്ലാ ദിവസവും ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടാനുള്ള ധൈര്യം ആവശ്യമാണ്” – പാപ്പാ പറഞ്ഞു.

ഹേറോദേസ് ചരിത്രത്തിലെ നിരവധി സ്വേച്ഛാധിപതികളുടെ പ്രതിനിധിയാണെന്നും ഇന്ന് മറ്റുള്ളവരെ അടിച്ചമർത്തിക്കൊണ്ട് സ്വന്തം ഭയത്തോട് പ്രതികരിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു. യൗസേപ്പിതാവ് ഹേറോദേസിന് നേർ വിപരീത സ്വഭാവം പുലർത്തിയ വ്യക്തിയാണ്. അവൻ ഒരു ‘നീതിമാൻ’ മാത്രമല്ല, മറിച്ച് ദൂതന്റെ കൽപ്പന നിർവഹിക്കുന്നതിൽ ധൈര്യം കാണിച്ച വ്യക്തിയുമാണെന്ന് പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.