മെത്രാന്‍റെ വാതിലും ഹൃദയവും എപ്പോഴും തുറന്നിരിക്കണം: ഫ്രാൻസിസ് പാപ്പാ

മെത്രാൻ, വിശ്വാസ സമൂഹത്തിനും രൂപതയിലെ വൈദികർക്കും എപ്പോഴും സമീപസ്ഥനായിരിക്കണം എന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയന്‍ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് ഈ കാര്യം പാപ്പാ സൂചിപ്പിച്ചത്.

സഭാജീവിതത്തിന്‍റെയും പ്രവർത്തനങ്ങളുടെയും തെളിവുകളാണ് മെത്രാന്മാരും പത്രോസിന്‍റെ പിൻഗാമിയും തമ്മിലുള്ള പരസ്പരബന്ധവും വൈദീക അദ്ധ്യക്ഷന്മാര്‍ കൂടിയുള്ള ആലോചനാ സ്വഭാവവും എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാദേശികസഭകളും സാർവത്രീക സഭയുമായുള്ള ഐക്യത്തിന് മെത്രാന്മാരുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിച്ച പാപ്പാ, ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ഇക്കാര്യത്തിലുണ്ടെങ്കിൽ അത് കൂടുതൽ ആഴത്തിൽ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സമ്മേളനത്തോട് ആവശ്യപ്പെട്ടു.

മെത്രാന്മാരും വൈദീകരുമായുള്ള ബന്ധം രൂപതയുടെ നട്ടെല്ലാണ്. മെത്രാന്മാർക്ക് ഈ ബന്ധം ഊഷ്മളമാക്കാനുള്ള അടിസ്ഥാനമായ കടമയുണ്ട്. ഇല്ലെങ്കിൽ തങ്ങളുടെ പ്രവർത്തനങ്ങളും സഭയുടെ തന്നെ പ്രവർത്തനങ്ങളും അപകടത്തിലാകും. മെത്രാന്മാരും വൈദീകരും തമ്മിലുള്ള ബന്ധം കുരിശിലെ യേശുവിന്‍റെ ഉപാധികളില്ലാത്ത സ്നേഹത്തിൽ അടിസ്ഥാനമാക്കി വേണം. പാപ്പാ ഉദ്ബോധിപ്പിച്ചു.

വൈദീകർ നമ്മുടെ ഏറ്റവും അടുത്ത സഹകാരികളാണെന്നും അവരോട് വിവേചനങ്ങളില്ലാതെ പെരുമാറണമെന്നും തങ്ങളോട് അനുഭാവമുള്ളവരോട് മാത്രമല്ല, അന്തര്‍മുഖരായവരോടും പ്രശ്നക്കാരോടും സമരീതിയിൽ ഇടപഴകാൻ കഴിയണമെന്നും ആവശ്യപ്പെട്ടു.