അഭയാര്‍ത്ഥികളോട് കഠിനഹൃദയരാകരുതെന്ന് ലോകത്തോട് അഭ്യര്‍ത്ഥിച്ച്, അവര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് അറിയിച്ച്, പാപ്പാ

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും ലോകം അനുദിനം കഠിനഹൃദയരാകുന്നുവെന്നും അത് തിരുത്തണമെന്നും മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് പാപ്പ. ഒഴിവാക്കപ്പെട്ടവരും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമാണ് മനുഷ്യരാശിയുടെ അത്യാഗ്രഹത്തിന് ആത്യന്തികമായി വില നല്‍കേണ്ടി വരുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 29-ന് വത്തിക്കാന്‍ ആചരിക്കുന്ന ലോക കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനത്തിനു മുന്നോടിയായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൊച്ചുകുട്ടികള്‍ക്കും ദരിദ്രര്‍ക്കും ഏറ്റവും ദുര്‍ബലരായവര്‍ക്കും വിരുന്നുമേശകളില്‍ ഭക്ഷണം നിഷേധിക്കപ്പെടുന്നവര്‍ക്കുമൊക്കെയാണ് എപ്പോഴും വില നല്‍കേണ്ടി വരുന്നത്. അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്ന നിരപരാധികളായ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കു നേരെ വാതിലുകള്‍ അടയ്ക്കുമ്പോള്‍ ആയുധവില്‍പ്പനയിലൂടെ യുദ്ധം വളര്‍ത്തുന്ന രാജ്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

യുദ്ധങ്ങള്‍ ലോകത്തിന്റെ ചില പ്രദേശങ്ങളെ മാത്രമേ ബാധിക്കുകയുള്ളുവെങ്കിലും അതിന്റെ അനന്തരഫലമായി യുദ്ധായുധങ്ങള്‍ മറ്റ് പ്രദേശങ്ങളില്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയില്ല – പാപ്പ തുടര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ സഭ ഒരു സമൂഹമായി ഉറച്ചുനില്‍ക്കുകയും പുറത്താക്കപ്പെടുന്നവരെ സ്വാഗതം ചെയ്യുകയും വേണമെന്നും പാപ്പ പറഞ്ഞു. വീണുപോകുന്നവരെ സഭ മുന്‍കൈയെടുത്ത് സംരക്ഷിക്കണമെന്നും പാപ്പ നിര്‍ദ്ദേശിച്ചു.

പാസ്ട്രല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിഫലനങ്ങളും ഉള്‍ക്കാഴ്ചകളും വിഭവങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു കാമ്പയിന്റെ ഭാഗമായാണ് സമഗ്ര മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയിലെ മൈഗ്രന്റ്‌സ് ആന്റ് റെഫ്യൂജീസ് സെക്ഷന്റെ നിര്‍ദ്ദേശമനുസരിച്ച് ലോക കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ദിനത്തിനായി ഇത്തരത്തിലൊരു സന്ദേശം പാപ്പ പങ്കുവച്ചത്.

ജൂലൈ എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അഭയാര്‍ത്ഥികള്‍ക്കായി പാപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സിസിലിയിലെ ലാംപെഡുസ ദ്വീപ് സന്ദര്‍ശനത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്. മാര്‍പാപ്പ ആയ ശേഷം റോമിന് പുറത്തേക്ക് പാപ്പാ നടത്തിയ ആദ്യയാത്രയായിരുന്നു അത്. അഭിയാര്‍ത്ഥികളും കുടിയേറ്റക്കാരും വലിയ തോതില്‍ എത്തിച്ചേരുന്ന ദ്വീപാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.