മൊസാംബിക്കിലെ എച്ച്‌ഐവി സെന്റര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും

ആഫ്രിക്കന്‍ പര്യടന വേളയില്‍ മൊസാംബിക്കിലെ എച്ച്‌ഐവി സെന്റര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും. അവിടെയുള്ള ജനങ്ങള്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തില്‍ താന്‍ അവരെ ഓരോരുത്തരെയും ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നതായി പാപ്പ അറിയിച്ചു.

സെപ്റ്റംബര്‍ 5, 6 തീയതികളിലാണ് പാപ്പായുടെ മൊസംബിക് സന്ദര്‍ശനം. അതിനിടയിലാണ് അല്മായ കത്തോലിക്കാ സംഘടന നേതൃത്വം നല്കുന്ന എയ്ഡ്‌സ് സെന്റര്‍ പാപ്പ സന്ദര്‍ശിക്കുന്നത്. 2002-ലാണ് DREAM സെന്റര്‍ എന്ന ഈ സ്ഥാപനം ആരംഭിച്ചത്. തലസ്ഥാനമായ മാപ്പുറ്റോയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

പ്രായപൂര്‍ത്തിയായവരില്‍ 23 ശതമാനവും എച്ച്‌ഐവി ബാധിതരാണ്. ജനസാന്ദ്രതയും ദാരിദ്ര്യവും കൂടുതലുള്ള പ്രദേശമാണ് ഇവിടം. സിംപെറ്റോ സ്‌റ്റേഡിയത്തില്‍ ആറിന് രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മുമ്പായിരിക്കും പാപ്പ രോഗികളെ അഭിവാദ്യം ചെയ്യുന്നത്. 1988-ല്‍ ജോണ്‍പോള്‍ രണ്ടാന്‍ മാര്‍പാപ്പ മൊസംബിക്ക് സന്ദര്‍ശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.