പഴയ സഹപ്രവര്‍ത്തകയ്ക്ക് രോഗശയ്യയില്‍ ആശ്വാസവുമായി ഫ്രാന്‍സിസ് പാപ്പാ

ആളുകളെ നിരന്തരം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വാക്കുകളിലൂടെ മാത്രമല്ല, പ്രവര്‍ത്തികളിലൂടെയും. ഏറ്റവും പുതുതായി അദ്ദേഹം ചെയ്ത ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും ആരെയും ആകര്‍ഷിക്കുന്നതും ആരെക്കൊണ്ടും കയ്യടിപ്പിക്കുന്നതുമാണ്.

പാപ്പായുടെ ഇപ്പോഴത്തെ വസതിയായ കാസ സാന്താ മാര്‍ത്തയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത സി. മരിയ മുക്കിയെ നേരിട്ട് കണ്ട് സംസാരിക്കുകയും ആരോഗ്യവിവരങ്ങള്‍ തിരക്കുകയും ചെയ്തുകൊണ്ടാണ് പാപ്പ ഇത്തവണ ദൈവസ്‌നേഹം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ഡോക്ടേഴ്‌സ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ റോമിലെ റെജീന മുണ്ടി ഹൗസ് എന്ന സന്യാസിനി ഭവനത്തിലെത്തിയാണ് സി. മരിയ മുക്കിയെ അദ്ദേഹം കണ്ടത്.

ആശുപത്രിയില്‍ ഉണ്ടായിരുന്നവരോടെല്ലാമൊപ്പം ഫോട്ടോ എടുത്ത പാപ്പ, എല്ലാവര്‍ക്കും അപ്പസ്‌തോലിക ആശീര്‍വാദം നല്‍കിയ ശേഷമാണ് മടങ്ങിയത്. ഡോക്ടേര്‍സ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ പദവി വഹിക്കുന്ന ഫാ. തോമസ് മാവ്‌റിക്കാണ് ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രവും വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്.

1981ല്‍ വി. ജോണ്‍പോള്‍ മാര്‍പാപ്പ, അലി അക്ക എന്ന അക്രമിയുടെ വെടിവയ്പ്പില്‍ നിന്നും രക്ഷപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് ഈ ആശ്രമത്തിലാണെന്നത് മറ്റൊരു പ്രത്യേകത.