ജെമെല്ലി ആശുപത്രി അധികൃതര്‍ക്കും ജീവനക്കാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്

റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയിലെ അധികൃതര്‍ക്കും ജീവനക്കാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ കത്തെഴുതി. ‘ആശുപത്രിവാസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍, നിങ്ങളോടും നിങ്ങളിലൂടെ, ജെമെല്ലി ആശുപത്രിയെ വലിയ കുടുംബമാക്കുന്ന എല്ലാവരോടും നന്ദിയും സ്‌നേഹവും അറിയിക്കണമെന്ന് എനിക്ക് തോന്നുന്നു.’

ജൂലൈ 15-ന് എഴുതിയ കത്തില്‍ പാപ്പാ കുറിച്ചു. ആശുപത്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് പ്രൊഫസര്‍ കാര്‍ലോ ഫ്രാത്ത പസീനിക്ക് അയച്ച കത്തിലാണ് ആരോഗ്യപരിചരണത്തില്‍ മാനുഷികതയുടെയും ശാസ്ത്രീയ പ്രൊഫഷണലിസത്തിന്റെയും പ്രാധാന്യം ഫ്രാന്‍സിസ് പാപ്പാ എടുത്തുപറഞ്ഞത്.

ഒരു കുടുംബാംഗത്തിനെന്നപോലെ സാഹോദര്യപൂര്‍ണ്ണമായ സ്വീകരണവും ഊഷ്മളപരിചരണവും തനിക്ക് ആശുപത്രിയില്‍ നിന്ന് ലഭിച്ചുവെന്നും ശരീരത്തിന്റെ പരിചരണത്തിനു പുറമേ, മനസ്സിന്റെ പരിചരണവും അവിടെ നടക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി. ഇത് ഇനിയും തുടരട്ടെയെന്നും പാപ്പാ ആശംസിച്ചു. ആയിരക്കണക്കിനാളുകള്‍ അവരുടെ പ്രതീക്ഷകളും ആശങ്കകളുമായി ഓരോ ദിവസവും വരുന്ന സ്ഥലമാണ് ജെമെല്ലി ആശുപത്രി. അവിടെ, അവരുടെയെല്ലാം പരീക്ഷണങ്ങളുടെ നിമിഷങ്ങളില്‍ ആശ്വാസവും പ്രത്യാശയും ഉളവാക്കാന്‍ കഴിവുള്ള വ്യക്തികളുടെ അവിഭാജ്യവും ശ്രദ്ധാപൂര്‍വ്വകമായ പരിചരണം അത്യാവശ്യമാണ്. പാപ്പാ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ സ്റ്റാഫിന്റെ സേവനത്തെ അഭിനന്ദിച്ച പരിശുദ്ധ പിതാവ്, അവരുടെ ജോലി ലോലവും കഷ്ടപ്പാടു നിറഞ്ഞതുമാണെന്നും രോഗികളില്‍ യേശുവിന്റെ മുറിവേറ്റ ശരീരവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന തരത്തിലുള്ള കരുണയുടെ ഒരു വേല കൂടിയാണെന്നും എടുത്തുപറഞ്ഞു. ‘അത് കാണാന്‍ കഴിഞ്ഞതിനും എന്റെ ഉള്ളില്‍ അതിനെ വിലമതിക്കുന്നതിനും പ്രാര്‍ത്ഥനയില്‍ കര്‍ത്താവിന്റെ അടുത്ത് കൊണ്ടുവരാന്‍ കഴിഞ്ഞതിനും ഞാന്‍ നന്ദിയുള്ളവനാണ്’ – പാപ്പാ വ്യക്തമാക്കി. അവസാനമായി ആശുപത്രിക്കും ജീവനകാര്‍ക്കും ആവര്‍ത്തിച്ച് നന്ദിയര്‍പ്പിക്കുകയും ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റിനും ജെമെല്ലി ആശുപത്രി കുടുംബത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അപ്പോസ്‌തോലികാശീര്‍വ്വാദം നല്‍കുകയും ചെയ്തുകൊണ്ടാണ് പാപ്പാ കത്ത് ചുരുക്കിയത്.

ജൂലൈ 4 ഞായറാഴ്ചയാണ് പരിശുദ്ധ പിതാവിനെ വന്‍കുടലിന്റെ ഡൈവേര്‍ട്ടിക്കുലാര്‍ സ്റ്റെനോസിസ് ശസ്ത്രക്രിയയ്ക്കായി ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് പാപ്പാ ജൂലൈ 14 -ന് വത്തിക്കാനിലേക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.