അടിയന്തര കൊറോണ സഹായഫണ്ട് രൂപീകരിച്ച് ഫ്രാന്‍സിസ് പാപ്പാ

അടിയന്തര കൊറോണ സഹായഫണ്ട് രൂപീകരിച്ച് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി വഴി കോവിഡ്-19 ബാധിത ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സഹായമെത്തിക്കാനാണ് ഈ ഫണ്ട് രൂപീകരിച്ചത്. മിഷന്‍ രാജ്യങ്ങളിലുള്ള സഭയുടെ സംവിധാനങ്ങള്‍ വഴിയാകും സമൂഹങ്ങള്‍ക്ക് ഈ സഹായം നല്‍കുക.

ജനതതികളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റ്റാഗ്ലേ, ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് സുവിശേഷവല്‍ക്കരണ പ്രക്രിയയില്‍ സഭ എന്നും മനുഷ്യനന്മയ്‌ക്കെതിരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ മുന്‍നിരയില്‍ തന്നെയാണെന്നും ആഫ്രിക്കയില്‍ മാത്രം 74,000 സന്യാസിനികളും 46,000 വൈദികരും, 7,274 ആശുപത്രികളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും നടത്തുന്നുണ്ടെന്നും, ദുര്‍ബലര്‍ക്കും വയോജനങ്ങള്‍ക്കായുള്ള 2,346 മന്ദിരങ്ങളും, 45,088 പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 19 മില്യണ്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും, പല ഗ്രാമപ്രദേശങ്ങളിലും അവര്‍ മാത്രമാണ് ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സഭയുടെ മുഴുവന്‍ ശ്രിംഗലയെയും ഈ വെല്ലുവിളി നേരിടാന്‍ മുന്‍കൂട്ടി ക്ഷണിക്കുകയാണ് പാപ്പാ എന്നും അറിയിച്ചു.

7,50,000 അമേരിക്കന്‍ ഡോളര്‍ തുടക്കമായി ഫണ്ടിനു നല്‍കികൊണ്ട് ഈ ഫണ്ടിലേയ്ക്ക്‌ സഹായിക്കാന്‍ കഴിയുന്നതും ആഗ്രഹിക്കുന്നതുമായ സഭയിലെ മറ്റ് സംഘടനകള്‍ക്ക് ഓരോ രാജ്യത്തേയും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി വഴി അത് ചെയ്യാവുന്നതാണെന്നും പാപ്പാ അറിയിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് കൊറോണാ വൈറസിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കുന്ന മിഷന്‍ പ്രദേശങ്ങളിലെ സഭയുടെ സാന്നിധ്യത്തെ സഹായിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും സഭയുടെ സുവിശേഷപ്രഘോഷണങ്ങളിലൂടെയും അതിന്റെ വിപുലമായ ശ്രിംഗലകളിലൂടെയുള്ള പ്രായോഗിക സഹായങ്ങളിലൂടെയും ഈ പ്രതിസന്ധിഘട്ടത്തില്‍ ആരും തനിച്ചല്ല എന്ന് ബോധ്യപ്പെടുത്താന്‍ നമുക്കാവുമെന്നും, ഇക്കാര്യത്തില്‍ സഭയുടെ സംവിധാനങ്ങളും സേവകരും സജീവപങ്കു വഹിക്കുന്നവരാണെന്നും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ദല്‍ തോസോ അറിയിച്ചു.

വളരെയധികം ആളുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെയോര്‍ത്ത് ആരും സഹായത്തിനില്ലാത്തവരുടെ അരികിലെത്തി ദൈവപിതാവിന്റെ സ്‌നേഹം പകരുക എന്നതാണ് ഈ ഫണ്ട് സ്ഥാപിക്കാന്‍ കാരണമായ പരിശുദ്ധ പിതാവിന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.