വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമെയൊ വിശുദ്ധപദവിയിലേയ്ക്ക്

വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമേയൊയെ ഫ്രാന്‍സീസ് പാപ്പാ വിശുദ്ധനായി അംഗീകരിക്കുകയും അദ്ദേഹത്തോടുള്ള ആരാധനാക്രമപരമായ വണക്കം സാര്‍വ്വത്രികസഭയിലേയ്ക്കു വ്യാപിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിന് അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് വിശുദ്ധപദപ്രഖ്യാപനത്തിനു തുല്യമായ ഈ അംഗീകാരം പാപ്പാ നല്കിയത്.

ഇതോടെ നിണസാക്ഷികളുടെ, വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമേയൊയുടെ പേര് സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഒരു വ്യക്തിയെ വിശുദ്ധപദത്തിലേയ്ക്കുയര്‍ത്തുന്ന ഔപചാരിക നടപടികള്‍ കൂടാതെ തന്നെ അദ്ദേഹത്തെ വിശുദ്ധനായി ആഗോളസഭയില്‍ വണങ്ങുന്നതിന് അനുവദിക്കുന്നതിനെ “സമാന വിശുദ്ധപദ പ്രഖ്യാപനം” അഥവാ “ഇക്യുവലെന്‍റെ കാനണൈസേഷന്‍” എന്നാണ് പറയുന്നത്. 1632-ല്‍ ഉര്‍ബന്‍ എട്ടാമന്‍ പാപ്പായാണ് ഈ പ്രത്യേക നടപടിക്രമം സഭയില്‍ ഏര്‍പ്പെടുത്തിയത്.

നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമേയൊ, അല്ലെങ്കില്‍ ബെര്‍ത്തൊലൊമെയൊ ഫെര്‍ണാണ്ടസ് പോര്‍ട്ടുഗല്‍ സ്വദേശിയാണ്. 1514 മെയ് 3-ന് പോര്‍ട്ടുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ ജനിച്ച അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേരുകയും അന്നാട്ടിലെ ബ്രാഗ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി തീരുകയും ചെയ്തു. 1590 ജൂലൈ 16-ന് പോര്‍ട്ടുഗലിലെ തന്നെ വ്യാന ദൊ കസ്തെല്ലൊയില്‍ വച്ച് ബര്‍ത്തൊലൊമേയൊ മരണമടഞ്ഞു. 2001-ല്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ 8 പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു. ഇവയില്‍ ആദ്യത്തേത് അമേരി‍ക്കന്‍ ഐക്യനാടുകളിലെ ആര്‍ച്ചുബിഷപ്പായിരുന്ന ധന്യന്‍ ഫുള്‍ട്ടന്‍ ജെ. ഷീനിന്‍റെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം അംഗീകരിക്കുന്നതാണ്. മറ്റു പ്രഖ്യാപനങ്ങള്‍ 6 ദൈവദാസരുടെയും 1 ദൈവദാസിയുടെയും വീരോചിതപുണ്യങ്ങള്‍ അംഗികരിക്കുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.