പോപ്പ് എഫക്ട്! അബുദാബിയില്‍ ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത് മൂന്ന് ആരാധനാലയങ്ങള്‍

മതമൈത്രിയുടെ സന്ദേശവുമായി അബുദാബിയില്‍ ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത് മൂന്ന് ആരാധനാലയങ്ങള്‍. സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസില്‍ ഒരുക്കുന്ന മുസ്‌ലിം- ക്രൈസ്തവ- ജൂത ആരാധനാലയ സമുച്ചയത്തിന്റെ നിര്‍മ്മാണം 2022-ല്‍ പൂര്‍ത്തിയാകും.

അബുദാബി സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ തയ്യിബും ഒപ്പുവച്ച മാനവസാഹോദര്യ രേഖയുടെ സ്മരണാര്‍ത്ഥമാണ് സമുച്ചയം ഒരുക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക്റ്റ് സര്‍ ഡേവിഡ് അഡ്ജയേയുടെ രൂപകല്‍പനയിലാണ് നിര്‍മ്മാണം.

യുഎഇ-യുടെ സഹിഷ്ണുതയുടെ അടയാളമായിരിക്കും സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസ്. എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഓരോ ആരാധനാലയം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥനകളെക്കുറിച്ച് മനസ്സിലാക്കാനും പങ്കെടുക്കാനും അവസരമുണ്ടാകും.