സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഇക്കാലത്ത് കൂടുതല്‍ ആവശ്യമെന്ന് ‘സമാധാനത്തിനായുള്ള നേതൃസ്ഥാപനത്തിലെ’ അംഗങ്ങളോട് പാപ്പാ

സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ എക്കാലത്തേക്കാളുമുപരി ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. ലോകത്തെ അലട്ടുന്ന പ്രതിസന്ധികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സമാധാനമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന ‘ഫൊന്താസിയോന്‍ ലീഡര്‍ പുല പെ’ (Fondation Leaders pour la Paix) ‘സമാധാനത്തിനായുള്ള നേതൃസ്ഥാപനം’ എന്ന അന്താരാഷ്ട്ര സംഘടനയുടെ പതിനഞ്ചിലേറെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യവേയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

കോവിഡ് മഹാമാരി ആഗോളാവസ്ഥ അതിസങ്കീര്‍ണ്ണമാക്കിയിരിക്കുന്ന ഈ ചരിത്രവേളയില്‍ സാംസ്‌കാരികവും വ്യവസ്ഥാപിതവുമായ ദ്വിവിധ കര്‍മ്മപരിപാടികള്‍ ഒരേസമയം ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളെ ഒരു അവസരമായി കണക്കാക്കി അവയെ നേരിടാന്‍ സര്‍ക്കാരുകളെയും പൗരജനത്തെയും സഹായിക്കുക എന്ന വെല്ലുവിളിയെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.

സാംസ്‌കാരികതല യത്‌നത്തില്‍ മാനവാന്തസ്സിനെയും മനുഷ്യവ്യക്തിയേയും സംസ്‌കാരത്തേയുമെല്ലാം ആദരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ സംഭാഷണവും ബഹുവിധ സഹകരണവും ഊട്ടിവളര്‍ത്തേണ്ടത് അടിയന്തിരമാണെന്നും കൂടാതെ പൊതുനന്മയുടെ പരിപാലനവും ഏറ്റം ദുര്‍ബ്ബലരാഷ്ട്രങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. ഇതിനെല്ലാം വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുന്നേറാന്‍ ‘സമാധാനത്തിനായുള്ള നേതൃസ്ഥാപനത്തിലെ’ അംഗങ്ങള്‍ക്ക് പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.