കാലാവസ്ഥാ മാറ്റത്തിനായി യഥാർത്ഥ പരിവർത്തനം അനിവാര്യം: ഫ്രാൻസിസ് പാപ്പാ

ശരാശരി ആഗോളതാപനില ഉയരുന്നത് തടയുന്നതിനുള്ള സത്വരനടപടികൾ കൈക്കൊള്ളാൻ രാഷ്ട്രത്തലവന്മാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. കാലാവസ്ഥാ മാറ്റത്തെ അധികരിച്ച് സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഒക്ടോബർ 31 മുതൽ നവംമ്പർ 12 വരെ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കാൻ പോകുന്ന ഇരുപത്തിയാറാം സമ്മേളനത്തിനു – കോപ് 26 -ന് (COP26) – മുന്നോടിയായി റോമിൽ സമ്മേളിച്ച ലോകരാഷ്ട്രങ്ങളുടെ പാർലമെൻറ് പ്രതിനിധികളടങ്ങിയ അഞ്ഞുറോളം പേരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് ധീരമായ കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിന് സർക്കാരുകൾ പ്രചോദനം പകരണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ആഗോള കാലാവസ്ഥാമാറ്റത്തിനെതിരായുള്ള പാർലമെൻറ് പ്രതിനിധികളുടെ പ്രവർത്തനങ്ങളെ ഉത്തരവാദിത്വം, ഐക്യദാർഢ്യം എന്നീ ദീപസ്തംഭങ്ങൾ പ്രബുദ്ധമാക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സമൂഹത്തിൽ പ്രബലമായിരിക്കുന്ന വലിച്ചെറിയൽ സംസ്കാരത്തിൽ നിന്ന് പരിപാലനത്തിന്റെ സംസ്കൃതിയിലേക്ക് നിശ്ചയദാർഢ്യത്തോടും ബോധ്യത്തോടും കൂടി കടക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. ഇത് ബാദ്ധ്യതപ്പെടുത്തുന്നതും സങ്കീർണ്ണവുമായ വെല്ലുവിളിയാണെന്നും ഈ മാറ്റത്തിന് ആവശ്യമായ മാർഗ്ഗങ്ങൾ നരകുലത്തിന്റെ കൈവശമുണ്ടെന്നും വ്യക്തമാക്കുന്ന പാപ്പാ, എന്നാൽ ഇതിന് യഥാർത്ഥ പരിവർത്തനവും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.