കാപ്പിയെ മാമ്മോദീസ മുക്കിയ ക്ലമന്റ് എട്ടാമന്‍ മാര്‍പാപ്പ

ഇന്നത്തെപ്പോലെ കാപ്പി അത്ര പ്രശസ്തമായിരുന്നില്ല അന്ന്. പതിനാറാം നൂറ്റാണ്ടോടു കൂടിയാണ് പാശ്ചാത്യദേശങ്ങളില്‍ കാപ്പി ജനപ്രിയമായി തുടങ്ങിയത്. അതിന് ആളുകള്‍ കടപ്പെട്ടിരിക്കുന്നതോ ക്ലമന്റ് എട്ടാമന്‍ മാര്‍പാപ്പയോടും.

ദി കാത്തലിക് ജെന്റില്‍മാന്‍ എന്ന പുസ്തകത്തില്‍ സാം ഗുസ്മാന്‍ എന്ന വ്യക്തി എഴുതിയിട്ടുണ്ട്, അറബി ആട്ടിടയന്മാരാണ് കാപ്പിക്കുരു തിന്നുന്ന ആടുകള്‍ക്ക് എന്തോ പ്രത്യേകത ഉള്ളതായി ശ്രദ്ധിച്ചത്. ഇസ്ലാമിക് പുരോഹിതര്‍ ഇതേക്കുറിച്ച് പിന്നീട് പഠനം നടത്തി. പിന്നീട് കാപ്പിച്ചെടിയെക്കുറിച്ചും പഠനങ്ങള്‍ നടത്തി. ശേഷം മുസ്ലീം മേഖലകളില്‍ മുഴുവന്‍ കാപ്പി പ്രചാരത്തിലായി. അവിടെ നിന്ന് പിന്നീട്, നോര്‍ത്ത് ആഫ്രിക്ക, സിസിലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെല്ലാം കാപ്പിയുടെ പെരുമ വ്യാപിച്ചു.

ഉറവിടം അറേബ്യന്‍ മേഖലയില്‍ നിന്നായതിനാല്‍ യൂറോപ്പില്‍ ആദ്യമൊന്നും കാപ്പി സ്വീകരിക്കപ്പെട്ടില്ല. മുസ്ലീങ്ങളുമായി നൂറ്റാണ്ടുകള്‍ യുദ്ധത്തിലായിരുന്നതിനാലും സാത്താന്റെ പാനീയം എന്നാണ് യൂറോപ്പില്‍ അന്നാളുകളില്‍ കാപ്പി വിളിക്കപ്പെട്ടിരുന്നതും. ക്രമേണ വത്തിക്കാനിലും, ക്ലമന്റ് എട്ടാമന്‍ പാപ്പായുടെ പക്കലും കാപ്പിവിശേഷം എത്തി.

വത്തിക്കാനില്‍ നിന്നുള്ള പല ഉപദേശകരും കാപ്പി നിരോധിക്കണമെന്ന് പാപ്പായോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പാപ്പായുടെ ചിന്ത മറ്റൊന്നായിരുന്നു. അദ്ദേഹം ഒരു മഗ്ഗില്‍ കാപ്പി വരുത്തി, ഒരു കവിള്‍ കുടിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണെന്ന് ഗുസ്മാന്‍ പറയുന്നു… ‘സാത്താന്റെ ഈ പാനീയം അതിമനോഹരമാണല്ലോ. ഈ കാപ്പിയെ മാമ്മോദീസ മുക്കി നമുക്ക്, സാത്താനെ പറ്റിക്കാം.’ പിന്നീടുള്ളത് ചരിത്രം.