ക്രൈസ്തവ സാക്ഷ്യം ഉപ്പും പ്രകാശവും: മാർപ്പാപ്പ

സ്വന്തം പുരോഗതിയ്ക്കുവേണ്ടിയല്ല, മറിച്ച് മറ്റുള്ളവരുടെ ആത്മീയ വളർച്ചയ്ക്കുവേണ്ടിയാണ് ഒരു ക്രിസ്ത്യാനി പരിശ്രമിക്കേണ്ടതെന്ന് മാർപ്പാപ്പ. ചൊവ്വാഴ്ച കാസാ സാന്താ മാർത്തയിലെ സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

അനുദിന വിശുദ്ധി എന്ന് വിളിക്കാൻ പാകത്തിൽ നിസാരവും പതിവുള്ളതുമായ കാര്യങ്ങളിൽ സാക്ഷ്യം നൽകാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്.  യേശു കാണിച്ചുതന്ന ഉദാഹരണം പോലെ ജീവൻ സമർപ്പിക്കുക, രക്തസാക്ഷിത്വം വരിക്കുക എന്നതാണ് സാക്ഷ്യമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ അതിന് പകരമായി ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴും എടുക്കുമ്പോഴും, അനുദിന ജീവിതത്തിലെ ഓരോ ചെറിയ പ്രവർത്തിയിലുമാണ് ദൈവത്തിന് സാക്ഷ്യം നൽകേണ്ടത്. മാർപ്പാപ്പ വ്യക്തമാക്കി.

നിസാരമെന്നും ചെറുതെന്നും ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ ഒന്നോർക്കണം, ചെറിയ പ്രവർത്തികളിൽ നിന്നാണ് അത്ഭുതങ്ങളും അടയാളങ്ങളും രൂപം കൊള്ളുന്നത്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

മറ്റുള്ളവർക്ക് ഉപ്പും പ്രകാശവും

വിനയത്തിലധിഷ്ഠിതമായിരിക്കണം, ക്രൈസ്തവ സാക്ഷ്യം. അങ്ങനെ മറ്റുള്ളവർക്ക് ഉപ്പും പ്രകാശവും ആകണം. കാരണം ഉപ്പ് അതിനല്ല, മറിച്ച് മറ്റുള്ളവർക്കുവേണ്ടിയാണ് രുചി പുറപ്പെടുവിക്കുന്നത്. പ്രകാശവും മറ്റുള്ളവർക്കാണ് വെളിച്ചമാവുന്നത്. അതുപോലെയാവണം ഓരോ ക്രിസ്ത്യാനിയും. ഇതാണ് എളിമയുള്ള സാക്ഷ്യം.

ഭക്ഷണത്തിന് രുചിയുണ്ടെങ്കിലും ഉപ്പിനെ ആരും പ്രശംസിക്കാറില്ലല്ലോ. അതുപോലെ തന്നെ മറ്റുള്ളവർക്ക് ഉപ്പായെങ്കിലും ചിലപ്പോൾ നമുക്ക് പ്രത്യേക നേട്ടമൊന്നും ഉണ്ടായെന്ന് വരില്ല. പക്ഷേ സ്വർഗത്തിലെ പ്രതിഫലം വലുതായിരിക്കും. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.