എത്യോപ്യയില്‍ സമാധാനം സംസ്ഥാപിക്കുന്നതിന് പാപ്പായുടെ അഭ്യര്‍ത്ഥന

എത്യോപ്യയുടെ ഉത്തരഭാഗത്ത് ഒരു മാസത്തോളമായി തുടരുന്ന രക്തരൂഷിത കലാപം അവസാനിക്കുന്നതിനായി മാര്‍പാപ്പാ പ്രാര്‍ത്ഥിക്കുകയും പോരാട്ടത്തിന് അറുതി വരുത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

വത്തിക്കാന്റെ വാര്‍ത്താവിതരണ കാര്യാലയത്തിന്റെ, മേധാവി മത്തേയൊ ബ്രൂണി പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയാതാണിത്. എത്യോപ്യയിലെ തിഗ്രെ പ്രദേശത്തും പരിസരത്തും അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ നൂറുകണക്കിന് പൗരന്മാരുടെ ജീവന്‍ അപഹരിച്ചുവെന്നും പതിനായിരക്കണക്കിനാളുകള്‍ അയല്‍രാജ്യമായ സുഡാനിലേയ്ക്ക് പലായനം  ചെയ്യുകയാണെന്നും പ്രസ്താവനയില്‍ കാണുന്നു.

അക്രമം അവസാനിപ്പിക്കണമെന്നും ജീവന്‍ കാത്തുപരിപാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്ന പാപ്പാ, ജനങ്ങള്‍ക്ക് സമാധാനം വീണ്ടും കണ്ടെത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയിലും പാപ്പാ എത്യോപ്യയ്ക്കുവേണ്ടി സമാധാനാഭ്യര്‍ത്ഥന നടത്തിയിരുന്നു. സായുധ പോരാട്ടം നടത്തുകയെന്ന പ്രലോഭനത്തെ ചെറുക്കാനും പ്രാര്‍ത്ഥനയില്‍ അഭയം തേടാനും സാഹോദര്യാ ആദരവ് പുലര്‍ത്താനും സംഭാഷണത്തിലേര്‍പ്പെടാനും അഭിപ്രായഭിന്നതകള്‍ സമാധാനപരമായി പരിഹരിക്കാനും പാപ്പാ അന്ന് ക്ഷണിച്ചിരുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.