ചൈനയിലെ സഭയ്ക്കുവേണ്ടി വിശ്വാസികളോട് പ്രാര്‍ത്ഥനാസഹായം തേടി പാപ്പാ

ചൈനയിലെ കത്തോലിക്കാ സഭയ്ക്കുവേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ തീക്ഷ്ണമായ പ്രാര്‍ത്ഥന പാപ്പാ അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച റെജീനാ കോളി പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം വിശ്വാസികളോട് ആവശ്യപ്പെട്ടത്. ചൈനയുടെ ദേശീയ മദ്ധ്യസ്ഥയായ ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ’ തിരുനാള്‍ ആചരിക്കാനൊരുങ്ങുന്ന ചൈനയിലെ വിശ്വാസികളോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഷാങ്ഹായിയിലെ ഷേഷനിലുള്ള ‘ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ദേവാലയത്തോടും ദൈവമാതാവിനോടുമുള്ള ചൈനീസ് ക്രൈസ്തവരുടെ വിശ്വാസത്തേയും പാപ്പാ അനുസ്മരിച്ചു. ചൈനയിലെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് ജീവിതപരീക്ഷണങ്ങളില്‍ ആ ദേവാലയവും പരിശുദ്ധ അമ്മയും എപ്രകാരമെല്ലാമാണ് പ്രത്യാശയും ധൈര്യവും പകര്‍ന്നതെന്നും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

പരിശുദ്ധ മറിയത്തോട് ചേര്‍ന്ന് ശ്ലീഹന്മാര്‍ പെന്തക്കുസ്താ ദിനത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ മാതാവിനോട് ചേര്‍ന്ന് ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കും ഫലങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുകയുമുണ്ടായി. സുവിശേഷത്തിനും സത്യത്തിനും നീതിക്കും സാക്ഷ്യം വഹിക്കാന്‍ അതുവഴി ഏവര്‍ക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.