ആത്മീയാനുഭവം സമ്മാനിച്ച് ബൈസന്റൈന്‍ ആരാധനാക്രമത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലി

ഫ്രാന്‍സിസ് പാപ്പായുടെ സ്ലോവാക്യന്‍ പര്യടനത്തിന്റെ മൂന്നാം ദിനത്തില്‍ കോസൈസലിലെ മെസ്റ്റസ്‌കസ്പോര്‍ട്ടോവ ഹാല ചത്വരത്തില്‍ പാപ്പാ അര്‍പ്പിച്ച ദിവ്യബലി ബൈസന്റൈന്‍ (ഗ്രീക്ക്) ആരാധനാക്രമത്തിലായിരുന്നു. 2011 -ലെ സെൻസസ് പ്രകാരം സ്ലോവാക്യന്‍ ജനസംഖ്യയില്‍ 65.8 % കത്തോലിക്കരാണ്. ആകെ ജനസംഖ്യയുടെ 62 % ലത്തീന്‍ കത്തോലിക്കരും 3.8 % ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളുമാണ്. ഇതില്‍ ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളാണ് ബൈസന്റൈന്‍ ആരാധനക്രമം പിന്തുടരുന്നത്.

ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റെ ഭാഗമായാണ് ഫ്രാന്‌സിസ് മാര്‍പാപ്പ ഇന്നലെ ബൈസന്റൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. അവിസ്മരണീയ ആത്മീയാനുഭവത്തിനാണ് അതുവഴി ലോകം സാക്ഷിയായത്. കാരണം പാശ്ചാത്യ ആരാധനക്രമം പിന്തുടരുന്നവര്‍ക്ക് പുത്തന്‍ അനുഭവവും പുത്തന്‍ അറിവുകളും അത് സമ്മാനിച്ചു. വിശുദ്ധ കുര്‍ബാനയില്‍ പ്രസോവ് ആര്‍ച്ചുബിഷപ്പ് ജന്‍ ബാബ്ജാംഗ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

തിരുവോസ്തിക്കു പകരം പ്രത്യേകം തയ്യായാറാക്കിയ ‘പുളിപ്പിച്ച അപ്പം’ ദിവ്യബലിയില്‍ വാഴ്ത്തി വിഭജിക്കുന്നതും ദിവ്യകാരുണ്യ സ്വീകരണത്തില്‍ മുന്തിരിച്ചാറില്‍ മുക്കിയ ‘അപ്പം’ സ്പൂണ്‍ ഉപയോഗിച്ച് വിശ്വാസികളുടെ നാവില്‍ നല്‍കുന്നതും ഓരോരുത്തര്‍ക്കും ഓരോരോ സ്പൂണുകള്‍ അതിനായി ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള ബൈസന്റൈന്‍ ആരാധനക്രമ സവിശേഷതകള്‍ ലോകജനതയ്ക്ക് അടുത്തറിയാനുള്ള അവസരവുമായി പേപ്പല്‍ ദിവ്യബലി.

പാപ്പായും മറ്റ് റോമന്‍ സഭാവൈദികരും റോമന്‍ ആരാധനക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങള്‍ അണിഞ്ഞും പ്രിസോവ് മെട്രോപൊളിറ്റന്‍ ആര്‍ചച്ചുബിഷപ്പ് ജാന്‍ ബാബ്ജാക്ക് ഉള്‍പ്പെടെയുള്ള ഗ്രീക്ക് സഭാവൈദികര്‍ അവരുടെ തനത് തിരുവസ്ത്രങ്ങള്‍ അണിഞ്ഞുമാണ് ബലിവേദിയില്‍ എത്തിയത്. വി. ജോണ്‍ ക്രിസോസ്തോമിന്റെ അനാഫൊറയില്‍ (കാനോന്‍) അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ഏതാണ്ട് 30,000 -ല്‍പരം പേര്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുക്കര്‍മ്മങ്ങളില്‍ അണിചേര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.