ഇറ്റലിയിലേക്ക് എത്തിയ അഭയാർത്ഥികളോടൊപ്പം 85-ാം ജന്മദിനം ആഘോഷിച്ച് പാപ്പാ

തന്റെ 85-ാം ജന്മദിനത്തിൽ, ഇറ്റലിയിൽ അഭയം തേടിയ ഒരു കൂട്ടം അഭയാർഥികളെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പ. അവരോടൊപ്പമാണ് പാപ്പാ തന്റെ ജന്മദിനം ആഘോഷിച്ചത്. ഈ മാസമാദ്യം ഗ്രീസിലേക്കും സൈപ്രസിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയിൽ സൈപ്രസിൽ നിന്ന് ഇറ്റലിയിലേക്ക് അഭയാർത്ഥികളായി വരുവാൻ ഉള്ള ക്രമീകരങ്ങൾ നടത്താൻ മാർപ്പാപ്പ സഹായിച്ചിരുന്നു. ഡിസംബർ 16 -ന് ആണ് ഈ അഭയാർഥികൾ ഇറ്റലിയിൽ എത്തിയത്.

അപ്പോസ്തോലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂൺ, സൊമാലിയ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ മാർപാപ്പ വ്യക്തിപരമായി കണ്ട് അഭിവാദ്യം ചെയ്യുകയും അവരുമായി സംസാരിക്കുകയും ചെയ്തു. അഭയാർത്ഥികൾ മാർപാപ്പയ്ക്ക് ജന്മദിനാശംസകൾ നേരുകയും ഒരു അഫ്ഗാൻ അഭയാർത്ഥി വരച്ച ചിത്രം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ ചിത്രീകരിക്കുന്ന ചിത്രമായിരുന്നു അത്.

വത്തിക്കാൻ റിപ്പോർട്ട് അനുസരിച്ച്, പത്തോളം അഭയാർത്ഥി സംഘത്തെ ഫ്രാൻസിസ് മാർപാപ്പ നേരിട്ട് സഹായിക്കുന്നുണ്ട്. “നിങ്ങൾ ഞങ്ങളെ രക്ഷിച്ചു,” ഒരു കോംഗോ ബാലൻ മാർപ്പാപ്പയെ കണ്ടപ്പോൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.