മാർക്ക്റ്റിൽ ഉദിച്ച സൂര്യൻ- ബെനഡിക്ട് പതിനാറാമൻ പാപ്പ

2019 ഏപ്രിൽ 16-ന് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തിൽ പ്രസദ്ധീകരിച്ച ലേഖനം.

ഏപ്രിൽ 16. നമുക്കൊക്കെ ഒരു സാധാരണ ദിവസമായിരിക്കാം അത്. എന്നാൽ, ജർമ്മനിയിൽ ബവേറിയ സ്റ്റേറ്റിൽ ഉള്ള മാർക്ക്റ്റിൽ എന്ന വില്ലേജുകാർക്ക്‌ അത് അങ്ങനെയല്ല. കാരണം, ഈ ദിവസം ആണ് ലോകജനതയ്ക്കു മുൻപിൽ ഈ സ്ഥലത്തിന്റെ പേര് ശ്രദ്ധിക്കപ്പെടാൻ കാരണക്കാരനായ ഒരാൾ  ജനിച്ചത്. അത് മറ്റാരുമല്ല. കത്തോലിക്കാസഭയുടെ മുഴുവൻ ഭരണാധികാരിയായിരുന്ന ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന മുൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ച ജോസഫ് അലോയ്‌സിയൂസ് റാറ്റ്സിംഗർ.

1927 ഏപ്രിൽ 16-ന് പുലർച്ചെ 04.15-ന് ജനിച്ച അദ്ദേഹത്തിന്റെ തൊണ്ണൂറ്റിരണ്ടാം ജന്മദിനമാണ് ഇന്ന്. വലിയ ആഴ്ചയിലെ ദുഃഖശനിയാഴ്ച ജനിച്ച അദ്ദേഹത്തിന്റെ ഈ വർഷത്തെ ജന്മദിനവും വലിയ ആഴ്ചയിലാണ് എന്നൊരു പ്രത്യേകതയും കൂടി ഉണ്ട്.

അദ്ദേഹം മാമ്മോദീസ സ്വീകരിച്ച മാർക്ക്റ്റിൽ (Marktl am Inn) സെൻറ് ഓസ്വാൾഡ് ദൈവാലയം അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനടുത്തു തന്നെയാണ്. അന്നത്തെ സഹവികാരിയായിരുന്ന ജോസഫ് സ്റ്റാങ്ങ്ളിൽ നിന്നാണ്, ജനിച്ച് വളരെ അടുത്ത    മണിക്കൂറുകൾക്കുള്ളിൽ തന്നെ (രാവിലെ  08.30-ന്) ജോസഫ് റാറ്റ്സിംഗർ മാമ്മോദീസ സ്വീകരിച്ചത്. ദുഃഖശനിയാഴ്ച  ജനിച്ച്, ഈസ്റ്റർ പുത്തൻവെള്ളത്തിൽ ആദ്യമായി മാമ്മോദീസ സ്വീകരിക്കാനായതിനെ (ആ നാളുകളിൽ പുത്തൻവെള്ളം ശനിയാഴ്ച പ്രഭാതത്തിൽ തന്നെ വെഞ്ചരിക്കുന്ന പതിവുണ്ടായിരുന്നുവത്രെ) വലിയ ദൈവിക കരുതലായി അദ്ദേഹം തന്നെ തന്റെ ജീവിതാനുഭവ കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട് (From My Life – Joseph Ratzinger).

മാതാപിതാക്കളായ Joseph Ratzinger (Sr. )- Maria Peintner നോടും സഹോദരങ്ങളായ  മരിയ, ജോർജ്ജ് എന്നിവരോടുമൊപ്പം മാർക്ക്റ്റിൽ വെറും 2 വർഷം മാത്രമാണ് ജോസഫിന് താമസിക്കാനായത്. അദ്ദേഹത്തിന്റെ പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നതിനാൽ ഈ സ്ഥലം മാറ്റവും ആ കുടുംബത്തിന് ഒരു പതിവ് കാര്യത്തിനപ്പുറം പ്രാധാന്യമൊന്നും ഉള്ളതായിരുന്നില്ല.

ജന്മഗൃഹത്തിനടുത്ത് അന്നുണ്ടായിരുന്ന ഒരു ബേക്കറിയിലെ (ഇന്നത് ഒരു മെഡിക്കൽ ഷോപ്പാണ്) മധുരാനുഭവങ്ങളും വീട്ടിലെ ജനലഴിയിൽ റ്റെഡി ബെയർ മറന്നുവച്ചതിന്റെ സങ്കടവും ഒക്കെ അദ്ദേഹത്തിന്റെ ജ്യേഷ്ഠനും വൈദികനുമായ  ജോർജ്ജിന്റെ ഓർമ്മകളിൽ നിന്നാണ് ജോസഫ് റാറ്റ്സിംഗർനെപ്പോലെ തന്നെ മറ്റുള്ളവരും അറിയുന്നത്. സഹോദരിയായ മരിയ ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും 15 January 1924-ന് ജനിച്ച സഹോദരനായ ഫാ. ജോർജ്ജ് ഈ  പ്രായത്തിലും ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ കഴിയുന്നു.

ദൈവവേലയുടെ വഴികളിൽ മുന്നേറിയപ്പോൾ എന്നും അഭിമാനത്തോടെയും ആകാംക്ഷയോടെയും ജോസഫ് റാറ്റ്സിംഗറിന്റെ വളർച്ചയെ ഉറ്റുനോക്കിയിരുന്ന ജന്മനാട്ടുകാർ, സഭയുടെ രാജകുമാരന് അദ്ദേഹത്തിന്റെ എഴുപതാം ജന്മദിന സമ്മാനമായി 1997 ജൂലൈ 13-ാം  തീയ്യതി Honorary Citizenship നൽകി ആദരിച്ചു.

2005 ഏപ്രിൽ 19-ന് 18.43 നാണ് സഭയുടെ ചരിത്രത്തിൽ 428 വർഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ജർമ്മൻ മാർപാപ്പ ഉണ്ടാവുന്നത്. അന്നുമുതൽ 2013 ഫെബ്രുവരി 28 വരെ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായിരുന്ന ബെനഡിക്ട് 16-ാമൻ എന്ന ജോസഫ് റാറ്റ്സിംഗറിന്റെ എല്ലാ ജന്മദിനങ്ങളിലും രാവിലെ 4.30-ന് അവിടുത്തെ വികാരിയച്ചന്റെ നേതൃത്വത്തിൽ പ്രാർത്ഥനാശുശ്രൂഷയും തുടർന്ന് ഒരുമിച്ചുള്ള പ്രഭാതഭക്ഷണവും ഏതാനും വർഷങ്ങളായുള്ള ഇവിടത്തുകാരുടെ ഒരു പതിവാണ്.

ബെനഡിക്ട് 16-ാമൻ മാർപാപ്പയുടെ ജന്മഗൃഹം അദ്ദേഹത്തിന്റെ 80 -ാം ജന്മദിനം മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ധാരാളം ആളുകളാണ് ഈ സ്ഥലവും  ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ചെറിയ ചിത്ര-ചലച്ചിത്ര പ്രദർശന ഹാളുകളും സന്ദർശിക്കാൻ ദിവസേന ഇവിടെയെത്തുന്നത്.

– മാർക്ക്റ്റില്‍ നിന്നും മിഖാസ് കൂട്ടുങ്കൽ