ഓസ്ട്രിയന്‍ പ്രസിഡന്റുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

റിപ്പബ്ലിക് ഓഫ് ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനുമായി വത്തിക്കാനില്‍ വച്ച് തിങ്കളാഴ്ച ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി. വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സൗഹാര്‍ദ്ദപൂര്‍വമായ സംസാരത്തിനിടെ പരിശുദ്ധ സിംഹാസനവും ഓസ്ട്രിയയുമായുള്ള മികച്ച നയതന്ത്രബന്ധത്തെക്കുറിച്ചും അതിലുള്ള സംതൃപ്തിയെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. യൂറോപ്പിലേയും അന്താരാഷ്ട്ര തലങ്ങളിലേയും ഭൗമ-രാഷ്ട്രീയ അവസ്ഥകളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ആഗോള സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സൃഷ്ടിയുടെ സംരക്ഷണത്തിന്റെയും കാര്യത്തില്‍ സഭ പുലര്‍ത്തുന്ന ജാഗ്രതയേയും അതിനായി നടത്തി വരുന്ന ഐക്യപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളേയും ഓസ്ട്രിയന്‍ പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിനുമായും റിലേഷന്‍സ് വിത്ത് സ്‌റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലറുമായും സംസാരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ശേഷമാണ് ഓസ്ട്രിയന്‍ പ്രസിഡന്റ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.