മ്യാന്മാറിലെ രാഷ്ട്രീയനേതാക്കളുടെ മോചനം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

മ്യാന്മാറില്‍ തടവിലായിരിക്കുന്ന രാഷ്ട്രീയനേതാക്കളെ വിട്ടയക്കേണ്ടത് അന്നാടിന്റെ പ്രജാധിപത്യ പ്രയാണത്തിന്റെ പുനരാരംഭത്തിന് അനിവാര്യമെന്ന് മാര്‍പാപ്പാ. ബുധനാഴ്ച വത്തിക്കാനില്‍ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്റെ അവസാനത്തിലാണ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

ഫെബ്രുവരി ഒന്നിന് സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യന്മാറില്‍ (ബര്‍മ്മ) നിന്ന് രക്തരൂഷിത സംഘര്‍ഷങ്ങളുടെയും മനുഷ്യജീവനുകള്‍ പൊലിയുന്നതിന്റെയുമായ ദുഃഖകരമായ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നത് പാപ്പാ അനുസ്മരിക്കുകയും അടിച്ചമര്‍ത്തലുകളുടെ മേല്‍ സംഭാഷണവും അഭിപ്രായഭിന്നതകളുടെമേല്‍ ഏകതാനതയും പ്രബലപ്പെടണമെന്ന് ബന്ധപ്പെട്ട അധികാരികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

മ്യാന്മാറിലെ ജനങ്ങളുടെ അഭിലാഷങ്ങളെ അക്രമങ്ങള്‍ ഞെരുക്കാതിരിക്കുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. വിദ്വേഷവും അനീതിയും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിമാറുന്ന ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ പ്രിയപ്പെട്ട അന്നാട്ടിലെ യുവതയില്‍ ഉളവാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

മ്യാന്മാര്‍ സമീപകാലത്ത് ആരംഭിച്ച പ്രജാധിപത്യ പ്രയാണം പുനരാരംഭിക്കാന്‍ സാധിക്കണമെങ്കില്‍ അന്നാട്ടില്‍ തടവുകാരാക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയനേതാക്കളെ വിട്ടയക്കുകയെന്ന സമൂര്‍ത്തമായ പ്രവര്‍ത്തിയിലൂടെ മാത്രമെ സാധിക്കുകയുള്ളൂവെന്ന് താന്‍ ഒരു മാസം മുമ്പു പറഞ്ഞത് പാപ്പാ ആവര്‍ത്തിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.