പെസഹാബലി മധ്യേ ലോകമെമ്പാടുമുള്ള വൈദികരെ അനുസ്മരിച്ച് മാര്‍പാപ്പ

പെസഹാവ്യാഴാഴ്ച സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ലോകമെമ്പാടുമുള്ള വൈദികരെ അനുസ്മരിച്ചും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും ഫ്രാന്‍സിസ് പാപ്പ. രോഗികള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കാന്‍ വരെ മനസായ പേരറിയാത്ത നിരവധി വൈദികരെ ലോകത്തിനു നല്‍കിയതില്‍ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. പ്രത്യേകമായി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ വൈദികരെയും പാപ്പാ നന്ദിയോടെ സ്മരിച്ചു.

“വൈദികരോട് ചേര്‍ന്നുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൗരോഹിത്യം സ്വീകരിച്ചവര്‍ മുതല്‍ മെത്രാന്മാരോടും മാര്‍പാപ്പയോടും എല്ലാവരോടും. ദിവ്യകാരുണ്യത്തെ ജനത്തിനു നല്‍കാന്‍ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍; ശുശ്രൂഷകരാകാന്‍ വിളിക്കപ്പെട്ടവരാണ്. പൗരോഹിത്യത്തെയും കര്‍ത്താവിനുവേണ്ടി ശുശ്രൂഷ ചെയ്യുകയും മരിക്കുകപോലും ചെയ്ത വൈദികരെയും അനുസ്മരിക്കാതെ എനിക്ക് ഈ ബലി പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല.

കൊറോണയുടെ കാലത്ത് ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ഒപ്പം ജോലിചെയ്ത് മരണം പോലും വരിച്ച വൈദികരെ പ്രത്യേകം ഓര്‍ക്കുന്നു. പ്രിയ ദൈവജനമേ, നിങ്ങളുടെ ഇടയിലുണ്ടായിരുന്ന വിശുദ്ധരാണവര്‍. ലോകം മുഴുവനുമുള്ള വൈദികരെ ഇന്ന് ഈ അള്‍ത്താരയോട് ഞാന്‍ ചേര്‍ത്തുനിര്‍ത്തുന്നു” – പാപ്പാ പറഞ്ഞു.