അഭയാര്‍ത്ഥികളും മനുഷ്യരാണ്! അഭയാര്‍ത്ഥികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മാര്‍പാപ്പ

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേയ്ക്ക് ഒതുങ്ങിയ മണിക്കൂറായിരുന്നു, ലോകമെങ്ങുമുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച സമയം. 2013 ജൂലൈ എട്ടാം തീയതി ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയിലേയ്ക്ക് സന്ദര്‍ശനം നടത്തിയതിന്റെ ആറാം വാര്‍ഷികം എന്ന നിലയില്‍ കൂടിയാണ് പാപ്പാ ഈ പ്രത്യേക ബലിയര്‍പ്പണം നടത്തിയത്.

റോമിന് പുറത്തേക്ക് പാപ്പാ നടത്തിയ ആദ്യയാത്ര കൂടിയായിരുന്നു അത്. കത്തോലിക്കാ സഭയുടെ അധിപനായി സ്ഥാനമേറ്റെടുത്ത് നാലാം മാസത്തിലായിരുന്നു അത്. സിസിലയ്ക്കും നോര്‍ത്ത് ആഫ്രിക്കയ്ക്കും ഇടയിലുള്ള ഈ ദ്വീപ്, മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേയ്ക്ക് കടക്കാനെത്തുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രധാന കേന്ദ്രമാണ്.

‘അഭയാര്‍ത്ഥികളെന്നത് ഒരു സാമൂഹ്യവിഷയം മാത്രമല്ല, അവര്‍ മനുഷ്യരാണെന്നത് മറക്കരുത്. ആധുനിക കാലഘട്ടം വിസ്മരിക്കുന്ന, തിരസ്‌കരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളും സൂചകങ്ങളുമാണ് അവര്‍. അവരെ നാം മറന്നുകൂടാ’ – വിശുദ്ധ കുര്‍ബാന മധ്യേ പാപ്പാ ആവര്‍ത്തിച്ചു.