ദൈവവുമായുള്ള ബന്ധത്തില്‍ ആഴപ്പെടാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ഭൗതിക കാര്യങ്ങളില്‍ മാത്രം വ്യാപൃതരാകാതെ ദൈവവുമായുള്ള ബന്ധത്തില്‍ ആഴപ്പെടേണ്ടത് ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച, സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തിനുശേഷം അനേകര്‍ ഈശോയെ അനുഗമിക്കുന്നതായി സുവിശേഷം വ്യക്തമാക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈശോ പ്രവര്‍ത്തിച്ച അത്ഭുതം മാത്രമായിരുന്നു അവരെ ആകര്‍ഷിച്ചതെന്നും മറിച്ച് അവിടുന്ന് സംസാരിച്ച കാര്യങ്ങള്‍ പലരും ഗ്രഹിച്ചിരുന്നില്ലെന്നും പാപ്പാ പറഞ്ഞു.

നമ്മില്‍ പലരും അത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അന്നന്നത്തെ ആവശ്യങ്ങള്‍ നിറവേറുന്നതിനു വേണ്ടി മാത്രമാണ് പലരും ദൈവത്തെ തേടുന്നതും അവിടുത്തോട് പ്രാര്‍ത്ഥിക്കുന്നതും. പക്ഷേ നമ്മള്‍ സ്വയം വിശകലനം ചെയ്യണം, എന്തിനാണ് ഞാന്‍ ദൈവത്തെ അന്വേഷിക്കുന്നത്. ആവശ്യങ്ങള്‍ക്കു വേണ്ടി ദൈവത്തെ വിളിക്കുകയും പ്രത്യേകിച്ച് ആവശ്യമില്ലാത്തപ്പോള്‍ അവിടുത്തെ മറക്കുകയുമാണോ ചെയ്യുന്നത്. എന്നും തിരിച്ചറിയണം – പാപ്പാ പറഞ്ഞു.

നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പിതാവായ ദൈവത്തെ അറിയക്കണമെങ്കിലും അതിനു വേണ്ടി മാത്രം ദൈവത്തെ വിളിക്കരുതെന്നും മറിച്ച് സ്‌നേഹത്തിന്റേതായ ഒരു പ്രത്യേക ബന്ധം ദൈവവുമായി സ്ഥാപിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ആ ബന്ധത്തിലൂടെ നമ്മുടെ യുക്തിസഹജമായ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമപ്പുറം ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.