പങ്കുവയ്ക്കുക, നിങ്ങളുടെ കഴിവുകളെ ദൈവം വര്‍ദ്ധിപ്പിക്കും: മാര്‍പാപ്പ

എളിമയുടേയും പങ്കുവയ്ക്കലിന്റേയും യുക്തിയെക്കുറിച്ചാണ് ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ പാപ്പാ വിശദീകരിച്ചത്. സഹോദരീസഹോദരന്മാരെ സഹായിക്കാനും ഉദാരമായി അവരുമായി പങ്കുവയ്ക്കാനും ദൈവം നമ്മെ വിളിച്ചിരിക്കുന്നതായും പാപ്പാ കൂട്ടിച്ചേര്‍ത്തു. സഹായവും പങ്കുവയ്ക്കലും സ്‌നേഹം ഇരട്ടിപ്പിക്കുകയും ദൈവത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

യേശു അപ്പം വര്‍ദ്ധിപ്പിക്കുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കി സംസാരിച്ച വേളയിലാണ് പാപ്പാ പങ്കുവയ്ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചത്. ഒന്നുമില്ലായ്മയില്‍ നിന്നല്ല കര്‍ത്താവ് ആയിരങ്ങള്‍ക്കു വേണ്ടിയുള്ള അപ്പം സൃഷ്ടിച്ചതെന്നും ഉള്ള എളിയ പങ്ക് ദാനം ചെയ്തതില്‍ നിന്നാണ് അവിടുന്ന് അത്ഭുതം സൃഷ്ടിച്ചതെന്ന കാര്യവും പാപ്പാ ഓര്‍മ്മിപ്പിച്ചു.

സുവിശേഷത്തില്‍ നാം കാണുന്ന, ഈശോയ്ക്ക് അപ്പം കൈമാറാന്‍ സന്നദ്ധനായ ആ കൊച്ചുകുട്ടിയെപ്പോലെ, ഓരോ ദിവസവും നാം സ്വയം ചോദിക്കണം, ഇന്ന് എന്താണ് ഞാന്‍ ഈശോയ്ക്കായി നല്‍കിയത് എന്ന്. നമ്മുടെ എളിയ പ്രാര്‍ത്ഥനയിലൂടെയും പരോപകാര പ്രവര്‍ത്തികളിലൂടെയും ആര്‍ദ്രതയിലൂടെയും ദൈവത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇപ്രകാരമാണ് ദൈവം ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതും. അവിടുന്ന് വലിയ കാര്യങ്ങള്‍ ചെയ്യുന്നത് നാം തുടക്കമിടുന്ന ചെറിയ കാര്യങ്ങളിലൂടെയാണ് – പാപ്പാ പഠിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.