ഹൃദയസൗഖ്യം നേടാനുള്ള ഒറ്റമൂലി വെളിപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ

ഞായറാഴ്ച വായിച്ച സുവിശേഷഭാഗത്തില്‍ വിവരിക്കുന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ്, ഹൃദയസൗഖ്യം ലഭിച്ചു തുടങ്ങുന്നത് കേള്‍വിയിലൂടെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കിയത്. ബധിരനും മൂകനുമായ വ്യക്തിയെ ഈശോ സുഖപ്പെടുത്തുന്നതാണ് ബൈബിള്‍ ഭാഗം. ആ വ്യക്തിയെ സുഖപ്പെടുത്തുന്നതിനു മുമ്പ് ഈശോ ചെയ്ത ചില പ്രവര്‍ത്തികള്‍ പാപ്പാ ചൂണ്ടിക്കാട്ടി. ആ വ്യക്തിയുടെ ചെവികളില്‍ ഈശോ വിരലിട്ടു, തുപ്പല്‍ കൊണ്ട് അയാളുടെ നാവില്‍ സ്പര്‍ശിച്ചു, തുടര്‍ന്ന് സ്വര്‍ഗത്തിലേക്കു നോക്കി പറഞ്ഞു, തുറക്കപ്പെടട്ടെ എന്ന്. ഈ വ്യക്തിയുടെ അസുഖത്തില്‍ നിന്ന് നമുക്കും ഏറെ പഠിക്കാനുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആന്തരികമായ ബധിരതയാണ് നമുക്കെല്ലാമുള്ളതെന്ന് പാപ്പാ പറഞ്ഞു. “ഹൃദയത്തിന് സൗഖ്യം ലഭിക്കുന്നത് കേള്‍വിയിലൂടെയാണ്. ചുറ്റുമുള്ളവരേയും ദൈവത്തേയും കേള്‍ക്കുകയും അറിയുകയും ചെയ്താല്‍ മാത്രമേ നമ്മുടെ ഹൃദയം അലിവുള്ളതാവുകയും വിശ്വാസത്തില്‍ ആഴപ്പെടുകയും ചെയ്യുകയുള്ളൂ” – പാപ്പാ പറഞ്ഞു.

കുടുംബജീവിതം നയിക്കുന്നവര്‍ പ്രത്യേകിച്ചും സംസാരം കുറച്ച് കേള്‍വിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. “എപ്പോഴും സംഭാഷണം തുടങ്ങുന്നത് നിശബ്ദതയില്‍ നിന്നാണെന്ന് ഓര്‍മ്മ വേണം. നമുക്ക് ചുറ്റുമുള്ളവരെ കേള്‍ക്കുന്നതിനു മുന്നോടിയായി ദൈവത്തെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും പാപ്പാ പറഞ്ഞു. സുവിശേഷം ശ്രവിക്കുന്നതിലൂടെ ആത്മീയാരോഗ്യം വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കും” – പാപ്പാ വ്യക്തമാക്കി. ഹൃദയസൗഖ്യം നേടാനുള്ള ഒരു ഒറ്റമൂലിയും പാപ്പാ വെളിപ്പെടുത്തി. അത് ഇങ്ങനെയാണ്: “എല്ലാ ദിവസവും കുറച്ച് നിശബ്ദത, കുറച്ച് ശ്രവണം, അതിലും കുറച്ച് സംസാരം കൂടുതല്‍ ദൈവവചനം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.