നമ്മുടെ ജീവിതങ്ങളിലെ ദൈവികസാന്നിധ്യം തിരിച്ചറിയുക: മാര്‍പാപ്പ

ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം എപ്രകാരമാണ് നമ്മുടെ ജീവിതങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും എപ്രകാരമാണ് ദൈവം നമ്മുടെ ജീവിതങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും സൂക്ഷിച്ചു വീക്ഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

അനുദിന ജീവിതം വളരെ ബുദ്ധിമുട്ടേറിയതും കഠിനവുമായി തോന്നിയേക്കാമെന്നും പക്ഷേ അത് എപ്പോഴും ദൈവത്തിന്റെ അദൃശ്യസാന്നിധ്യത്താല്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. അതുകൊണ്ട് ചെറിയ കാര്യങ്ങളില്‍ പോലും ദൈവത്തിന്റെ സാന്നിധ്യം തേടുകയും കണ്ടെത്തുകയും ചെയ്യണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവരാജ്യത്തെ എപ്രകാരമെല്ലാമാണ് ഈശോ ഉപമിച്ചതെന്ന കാര്യവും പാപ്പാ ചൂണ്ടിക്കാണിച്ചു. വലിയ മരമായി മാറുന്ന ചെറിയ കടുകുമണിയോട് ഈശോ ദൈവരാജ്യത്തെ ഉപമിച്ചു. നമ്മുടെ ജീവിതങ്ങളിലും ലോകം മുഴുവനിലും ദൈവം പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണെന്നും പാപ്പാ പറഞ്ഞു. ഈ യാഥാര്‍ത്ഥ്യം, ദൈവത്തിന്റെ ശക്തമായ സാന്നിധ്യം മനസിലാക്കാന്‍ തിരക്കേറിയ ജീവിതത്തില്‍ നമുക്കു കഴിയാറില്ല. പക്ഷേ ദൈവം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ചെറിയ വിത്ത് വലിയ മരമായി മാറുന്നതുപോലെ എല്ലാവര്‍ക്കും ജീവനും ജീവിതവും നല്‍കിക്കൊണ്ട് ദൈവം പ്രവര്‍ത്തിക്കുന്നു. കാരണം നല്ലതെല്ലാം ഏറ്റവും എളിയ നിലയില്‍, അദൃശ്യമായി കാണപ്പെടാത്ത ഇടങ്ങളില്‍ അതിന്റെ ഇടപെടലുകള്‍ നടത്തുന്നു – പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആയതിനാല്‍ അനുദിന ജീവിതത്തില്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടു പോകാനും ക്ഷമയോടെ നന്മയുടെ വിത്തുകള്‍ വിതയ്ക്കാനും അതില്‍ നിന്ന് ഫലം കൊയ്യാനും എല്ലാവര്‍ക്കും കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു. ദൈവത്തിന്റെ കരങ്ങളിലാണ് ഞാനുള്ളതെന്ന ചിന്ത ക്ഷമയോടും സ്ഥിരതയോടും കൂടെ ജീവിതം കരുപ്പിടിപ്പിക്കാനും മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.