ദക്ഷിണാഫ്രിക്കയിലെ സമാധാനശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി മാര്‍പാപ്പാ

കലാപഭരിതമായ ദക്ഷിണാഫ്രിക്കയിലെ സമാധാനശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. ആഞ്ചലൂസ് പ്രാര്‍ത്ഥനയുടെ സമാപനത്തില്‍, രാഷ്ട്രീയനേതാക്കളും മറ്റുള്ളവരും രാജ്യത്ത് സമാധാനം പുലരാന്‍ വേണ്ടതു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പ, ദക്ഷിണാഫ്രിക്കയെ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

“മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ അവസ്ഥ കൂടുതല്‍ വഷളാകുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനം സംജാതമാക്കാന്‍ എല്ലാ അധികാരികളോടും നേതാക്കളോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ജനതയെ അവര്‍ ആഗ്രഹിക്കുന്ന ഐക്യത്തിന്റെ പുനര്‍ജന്മത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം വിസ്മരിക്കരുത്” – പാപ്പാ ആഹ്വാനം ചെയ്തു.

ദിവസങ്ങള്‍ കഴിയുന്തോറും രാജ്യത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്. ദക്ഷിണാഫ്രിക്കയിലെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ കഴിഞ്ഞയാഴ്ച ജയിലില്‍ അടച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരംഭിച്ച പ്രതിഷേധമാണ് കലാപമായി മാറിയത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, ഇതിനകം 72 -ല്‍പ്പരം പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.