റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി മാര്‍പാപ്പ

കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. തദ്ദേശീയ ഗോത്രവര്‍ഗ്ഗക്കാരുടെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ നിന്നാണ് കുട്ടികളെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്.

രാഷ്ട്രീയ, മതാധികാരികള്‍ ഈ വിഷയത്തിലേയ്ക്ക് വെളിച്ചം വീശേണ്ടതുണ്ടെന്നും ഐക്യപൂര്‍ണ്ണമായ ചര്‍ച്ചകളിലൂടെ ഈ ഞെട്ടലില്‍ ആശ്വാസവും പരിഹാരവും കണ്ടെത്തി ഈ ഞെട്ടല്‍ സൃഷ്ടിച്ച മുറിവുണക്കണമെന്നും പാപ്പാ നിര്‍ദേശിച്ചു. ഞെട്ടിക്കുന്ന ഈ വാര്‍ത്ത സൃഷ്ടിച്ച ആഘാതത്തിലായിരിക്കുന്ന കനേഡിയന്‍ ജനതയോടുള്ള സാമീപ്യം കനേഡിയന്‍ സഭയോടും മെത്രാന്‍സമിതിയോടും ചേര്‍ന്ന് അറിയിക്കുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

“ഭൂതകാലത്തെ ചില സഹനങ്ങളുടെ തീവ്രതയും വേദനയുമാണ് ഈ സംഭവത്തില്‍ നിന്ന് വെളിവാകുന്നത്. പരസ്പര ബഹുമാനത്തിന്റേയും അവകാശങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതിന്റെയും സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെയുമെല്ലാം ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവം” –  പാപ്പാ പറഞ്ഞു.

ബ്രീട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ആദിവാസി കുട്ടികള്‍ക്ക് മുഖ്യധാരാ വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ഈ നിര്‍ബന്ധിത സ്‌കൂളുകള്‍ പീഡനകേന്ദ്രങ്ങളായിരുന്നു. 1978-ലാണ് ഈ സ്‌കൂള്‍ അടച്ചുപൂട്ടിയത്. രാജ്യചരിത്രത്തിലെ നാണംകെട്ട അദ്ധ്യായവും വേദനാഭരിതമായ ഓര്‍മ്മപ്പെടുത്തലുമാണ് ഈ സംഭവമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.