അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന് മാര്‍പാപ്പ

അഫ്ഗാനില്‍ ദുരിതമനുഭവിക്കുന്ന പൗരന്മാരെ സംരക്ഷിക്കാനും അവര്‍ക്ക് പുതുജീവിതം നല്‍കാനും ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ നടന്ന ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളില്‍ അഭയം തേടാനാഗ്രഹിക്കുന്ന എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും അവരുടെ സുരക്ഷിതജീവിതത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ലോകരാജ്യങ്ങള്‍ അവരെ പൂർണ്ണമനസോടെ സ്വീകരിച്ച് പുതുജീവിതം നല്‍കട്ടെയെന്നു പ്രത്യാശിക്കാം. അഫ്ഗാനിലുള്ള എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം കിട്ടാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു – പാപ്പാ പറഞ്ഞു. അഫ്ഗാനിലെ യുവതലമുറയ്ക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും താലിബാന്റെ മുന്‍ ഭരണകാലത്തെ നിയന്ത്രണങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് പാപ്പാ വ്യക്തമാക്കി.

അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും നിരന്തരം പിന്തുണക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പാ. താലിബാന്‍, ഭരണം പിടിച്ചതോടെ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത ആയിരങ്ങളെ ഖത്തര്‍, തുര്‍ക്കി, ഇറ്റലി, ജര്‍മ്മനി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.