ക്ഷമ നഷ്ടപ്പെട്ട ആ നിമിഷത്തെക്കുറിച്ച് ലോകം മുഴുവനോടും ക്ഷമ ചോദിച്ച് മാര്‍പാപ്പ

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

ഇന്നലെ രാത്രിയില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളെ അനുഗ്രഹിച്ച് കടന്നുവരുമ്പോള്‍ മുന്‍നിരയില്‍ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യില്‍ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് ഉച്ചസ്വരത്തില്‍ എന്തോ പറഞ്ഞപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഫ്രാന്‍സിസ് പാപ്പയ്ക്ക് ഈ പ്രവര്‍ത്തി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. തന്റെ കൈകളില്‍ നിന്ന് യുവതി വിടാനായ് പാപ്പ മറുകൈകള്‍ കൊണ്ട് ഒരു കുഞ്ഞടി കൊടുത്ത് അല്പം ദേഷ്യത്തോടെ മുന്നോട്ട് നടന്നു.

ഇന്ന് വിശ്വാസികളുമായുള്ള പതിവ് പ്രാര്‍ത്ഥനയ്ക്ക് ഇടയില്‍ (ആഞ്ചലൂസ് പ്രയര്‍ സമയത്ത്) മാര്‍പ്പാപ്പ ക്ഷമ ചോദിച്ചു. ദൈവവചനം വ്യാഖ്യാനിക്കുന്നതിനിടയില്‍ അദ്ദേഹം തന്റെ ചുറ്റും കൂടിയിരിയ്ക്കുന്ന വിശ്വാസികളോട് പറഞ്ഞു.. പലപ്പോഴും ക്ഷമ നഷ്ടപ്പെടുക സ്വഭാവികമാണ്. എന്റെ ജീവിതത്തിലും ഇങ്ങനെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. തുടര്‍ന്ന് അല്പം വേദനയോടെ സ്വരം ഇടറിക്കൊണ്ട് ‘ഇന്നലെ ഞാന്‍ നല്‍കിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു’. എന്ന് പറഞ്ഞപ്പോള്‍ ചുറ്റും ഉണ്ടായിരുന്ന വിശ്വാസികള്‍ അല്പം വിസ്മയിച്ചുപോയി. അപ്രതീക്ഷിതമായി ഉണ്ടായ ഒരു ചെറിയ തെറ്റ് ന്യായികരിക്കാതെ എളിമയോടെ ക്ഷമചോദിക്കുന്ന പാപ്പയുടെ ഏറ്റുപറച്ചില്‍ കേട്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഇതിനോടകം ഫ്രാന്‍സിസ് പാപ്പായുടെ ദേഷ്യപ്പെടുന്ന വീഡിയോ ലോകം മുഴുവന്‍ വൈറലായിക്കൊണ്ടിരിക്കുന്നു..