ഹെയ്തിയിലെ ഭൂകമ്പത്തിൽ ഇരകളായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാപ്പാ

ആഗസ്റ്റ് 14 -ന് ഹെയ്തിയിൽ നടന്ന ഭൂകമ്പത്തിൽ ഇരകളായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. റിക്ടർ സ്കെയിലിൽ 7 -നു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയത്. സംഭവത്തിൽ 724 -ലധികം പേർ മരണമടയുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.

മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരോട് പാപ്പാ തന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. “ഭൂകമ്പത്തിൽ ഇരകളായവർക്കു വേണ്ടി ഞാൻ കർത്താവിലേയ്ക്ക് എന്റെ പ്രാർത്ഥനയുയർത്തുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായങ്ങളും പങ്കാളിത്തവും ഹെയ്തി ജനതയോടൊപ്പം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും ഐക്യദാർഢ്യം ദുരന്തത്തെ ലഘൂകരിക്കട്ടെ. ഹെയ്തിക്കു വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം” – പാപ്പാ പറഞ്ഞു.

കടുത്ത ആഭ്യന്തരപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹെയ്തിക്ക് ഭൂകമ്പം നൽകിയത് കനത്ത പ്രഹരമാണ്. 2010 -ൽ ഹെയ്തിയിൽ അതിശക്തമായ ഭൂകമ്പം ഉണ്ടാകുകയും മൂന്നു ലക്ഷം പേർ മരണമടയുകയും അടിസ്ഥാന സൗകര്യങ്ങളുടെ വലിയ നാശനഷ്ടത്തിനും കാരണമാകുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ തെക്കുഭാഗമായ സെന്റ് ലൂയിസ് ടു സുഡാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.