
52 ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയായ ഹംഗറിയിലെ ബുഡാപെസ്റ്റിലേയ്ക്കും സ്ലോവാക്യയിലേയ്ക്കും താന്‍ നടത്താനിരിക്കുന്ന യാത്രകളില്‍ പ്രാര്‍ത്ഥന യാചിച്ച് ഫ്രാന്‍സിസ് പാപ്പാ. സെപ്റ്റംബര്‍ പന്ത്രണ്ടിന് ബുഡാപെസ്റ്റില്‍ ദിവ്യാകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ പങ്കെടുക്കുന്ന പാപ്പാ പിന്നീട് മൂന്നു ദിവസത്തെ സ്ലോവാക്യ സന്ദര്‍ശനവും നടത്തും.
യൂറോപ്പിന്റെ ഹൃദയത്തില്‍ ഈ ദിവസങ്ങള്‍ ആരാധനയുടേയും പ്രാര്ത്ഥനയുടേയുമായിരിക്കും എന്നും പാപ്പാ പറഞ്ഞു. തന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നവര്ക്ക് പാപ്പാ നന്ദി പറയുകയും തന്നെ കാത്തിരിക്കുന്നവരെ കാണാനായി താനും പരിപൂർണ്ണഹൃദയത്തോടെ കാത്തിരിക്കുന്നു എന്നും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്വകയറില്‍ എത്തിയ വിശ്വാസികളോട് സംസാരിക്കവേ പാപ്പാ പറഞ്ഞു.
“ഈ യാത്രയില്‍ പ്രാര്‍ത്ഥനയില്‍ എന്നെ അനുഗമിക്കാന്‍ എല്ലാവരേയും ആഹ്വാനം ചെയ്യുന്നു. വിവിധ പ്രതിസന്ധികള്‍ക്കു നടുവില്‍ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച അനേകരുടെ ഓര്‍മ്മകള്‍ എനിക്കവിടെ കാണാനാകും. ഇന്നും അവര്‍ യൂറോപ്പിനു വേണ്ടി സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് തീര്‍ച്ചയാണ്” – പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് പാപ്പായുടെ 34 ാമത് അപ്പസ്തോലിക യാത്രയുടെ ചിന്താവിഷയം, ‘മറിയത്തിന്റേയും യൗസേപ്പിന്റേയും കൂടെ യേശുവിലേയ്ക്കുള്ള വഴിയില്‍’ എന്നതാണ്.