ക്രിസ്തീയജീവിതം തിന്മയ്‌ക്കെതിരായ പോരാട്ടം

ക്രൈസ്തവന്റെ ജീവിതം എന്നത് കര്‍ത്താവിന്റെ കാല്‍പ്പാടുകള്‍ പിഞ്ചെന്നുകൊണ്ട് ദുഷ്ടാരൂപിക്കെതിരായ പോരാട്ടമാണെന്ന്, മരുഭൂമിയിലെ യേശുവിന്റെ പ്രലോഭനങ്ങളുടെ സുവിശേഷഭാഗം വിവരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

യേശു മനഃപൂര്‍വ്വം പ്രലോഭകനെ നേരിടുകയും അവനെ ജയിക്കുകയും ചെയ്തുവെന്ന് ഇത് കാണിക്കുന്നു. അതേസമയം, നമ്മെ പരീക്ഷിക്കാനുളള സാധ്യത പിശാചിന് നല്‍കിയിട്ടുണ്ടെന്നും ഇത് നമ്മെ അനുസ്മരിപ്പിക്കുന്നു. നമ്മുടെ നിത്യനാശവും പരാജയവും ലക്ഷ്യം വയ്ക്കുന്ന തന്ത്രശാലിയായ ഈ ശത്രുവിന്റെ സാന്നിധ്യത്തെക്കുറിച്ച് നാം അവബോധം പുലര്‍ത്തുകയും അവനെ പ്രതിരോധിക്കാനും അവനോടു പോരാടാനും നാം ഒരുങ്ങുകയും വേണം. ദൈവകൃപ, ഈ ശത്രുവിന്റെ മേലുള്ള വിജയം വിശ്വാസം, പ്രാര്‍ത്ഥന, തപസ്സ് എന്നിവയിലൂടെ നമുക്ക് ഉറപ്പേകുന്നു. എന്നാല്‍ ഒരു കാര്യം ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രലോഭനങ്ങളില്‍ യേശു ഒരിക്കലും പിശാചുമായി സംസാരിക്കുന്നില്ല; ഒരിക്കലുമില്ല. സ്വന്തം ജീവിതത്തില്‍ യേശു ഒരിക്കലും പിശാചുമായി സംഭാഷിച്ചിട്ടില്ല; ഒരിക്കല്‍പ്പോലും. അവിടുന്ന് പിശാചുബാധിതരില്‍ നിന്ന് പിശാചിനെ തുരത്തുകയോ അകറ്റുകയോ അപലപിക്കുകയോ സാത്താന്റെ ദ്രോഹചിന്ത തുറന്നുകാട്ടുകയോ ചെയ്യുന്നു. പക്ഷേ, ഒരിക്കലും പിശാചുമായി സംഭാഷണത്തിലേര്‍പ്പെടുന്നില്ല.

എന്നാല്‍, മരുഭൂമിയില്‍ ഒരു സംഭാഷണം നടക്കുന്നതായി തോന്നുന്നു. കാരണം പിശാച് മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും യേശു മറുപടി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ യേശു സ്വന്തം വാക്കുകള്‍ കൊണ്ടല്ല പ്രതികരിക്കുന്നത്; ദൈവവചനം കൊണ്ടാണ്. തിരുലിഖിതത്തിലെ മൂന്നു ഭാഗങ്ങളാലാണ് പ്രതികരിക്കുന്നത്. നാം ചെയ്യേണ്ടതും ഇപ്രകാരമാണ്. പ്രലോഭകന്‍ നമ്മെ സമീപിച്ച് പ്രലോഭിപ്പിക്കാന്‍ തുടങ്ങുന്നു: “ഇങ്ങനെ ചിന്തിക്കുക, ഇതു ചെയ്യുക..” പ്രലോഭനം എന്നത്, ഹവ്വാ ചെയ്യതുപോലെ പിശാചുമായി സംഭാഷണത്തിലേര്‍പ്പെടലാണ്. പിശാചുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടാല്‍ നാം പരാജയപ്പെടും. ഇത് നിങ്ങളുടെ തലയിലും ഹൃദയത്തിലും ഉണ്ടായിരിക്കണം. പിശാചിനോട് ഒരിക്കലും സംഭാഷിക്കരുത്. അവനുമായി സാധ്യമായ ഒരു സംഭാഷണം ഇല്ല. ദൈവവചനം മാത്രം – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.