മദ്ധ്യപൂര്‍വ്വദേശത്തെ രക്തസാക്ഷികളുടെ ചുടുനിണമാണ് ക്രിസ്തീയ ഐക്യത്തിന്റെ ആധാരം

 വിശ്വാസത്തെ പ്രതി ജീവന്‍ ബലികഴിച്ച അനേകരുടെ ചുടുനിണമാണ് ക്രിസ്തീയ ഐക്യത്തിന്റെ ആധാരം എന്ന് ഫ്രാന്‍സിസ് പാപ്പായും അസീറിയന്‍ പാത്രിയാര്‍ക്കീസും. അസ്സീറിയന്‍ സഭയുടെ കാതോലിക്കോസ് പാത്രിയര്‍ക്കീസ് മാര്‍ ഗീവര്‍ഗ്ഗീസ് ത്രിതീയനും ഫ്രാന്‍സിസ് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഭൈക്യത്തിന്റെ നാള്‍വഴികളെ അനുസ്മരിച്ചത്.

നമ്മുടെ വിശ്വാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരേ രീതിയില്‍ ആണെന്നും ഇറാഖിലും സിറിയയിലും ഉള്ള ക്രിസ്ത്യാനികളുടെ ജീവിതം വളരെ അപകടകരമാണെന്നും പാത്രിയര്‍ക്കീസ് ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികള്‍, സംരക്ഷിത ന്യൂനപക്ഷമോ അതിക്രമിക്കപ്പെടുന്ന സമൂഹമോ ആയി മാറ്റി നിര്‍ത്തേണ്ടവരല്ലാ എന്നും  രാജ്യത്തെ മറ്റു പൌരന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ക്രൈസ്തവര്‍ക്കും ലഭിക്കേണ്ടതാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ക്രൈസ്തവര്‍ മദ്ധ്യപൂര്‍വ്വദേശത്തും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും പീഡനങ്ങള്‍ സഹിക്കുകയും, ക്രൈസ്തവജീവിതം ഒരു കുരിശിന്‍റെവഴിയായി പരിണമിക്കുകയും ചെയ്യുമ്പോള്‍ ഐക്യത്തില്‍ കൈകോര്‍ത്തുനിന്ന് ക്രിസ്തുസ്നേഹത്തിന്‍റെ സാക്ഷികളാകാമെന്ന്  ഫ്രാന്‍സിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

നവംബര്‍ ഒന്‍പതാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍വച്ചാണ് കിഴക്കന്‍ അസ്സീറിയന്‍ സഭാതലവനും സഭയുടെ 13 സിനഡ് ഭാരവാഹികളും ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പായും പാത്രിയാര്‍ക്കീസും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.