അനനിയാസല്ല, ബർണബാസ് ആകാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഫ്രാൻസിസ് പാപ്പ

പങ്കുവയ്ക്കുന്ന കാര്യത്തിൽ അനനിയാസിനെയല്ല, ബർണബാസിനെയാണ് ഓരോ ക്രിസ്ത്യാനികളും മാതൃകയാക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആത്മാർത്ഥതയില്ലാത്ത പങ്കുവയ്ക്കലുകൾ കാപട്യത്തെ വളർത്തുന്ന ചെയ്തിയാണെന്നും പാപ്പ പറഞ്ഞു.

പങ്കുവയ്ക്കൽ, കർത്താവിന്റെ ശിഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ നൂതന ശൈലിയായി മാറ്റപ്പെട്ടു. അവർ, തങ്ങൾക്കുള്ള വസ്തുക്കൾ സ്വന്തമാക്കി വയ്ക്കാതെ പൊതുസ്വത്തായി സൂക്ഷിച്ചു. അതിനാൽ തന്നെ അവർക്കിടയിൽ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല. ഭൗതികമായി ദാരിദ്ര്യം അനുഭവിക്കുന്നവർ മാത്രമല്ല ഇവിടെയുള്ളത്. ആദ്ധ്യാത്മികമായി ദാരിദ്ര്യമുള്ളവർ, പ്രശ്‌നങ്ങളാൽ ഉഴലുന്നവർ, നമ്മുടെ സാമീപ്യം ആവശ്യമുള്ളവർ എല്ലാം ഇതിൽ ഉൾപ്പെടും – പാപ്പാ ചൂണ്ടിക്കാട്ടി.

സ്വത്ത് പങ്കുവയ്ക്കലിന്റെ പൂർണ്ണമായ ഒരു ഉദാഹരണം ബാർണബാസിന്റെ ജീവിതത്തിൽ നമുക്ക് കാണാം. അദ്ദേഹത്തിന് ഒരു വയൽ ഉണ്ടായിരുന്നു. അതു വിറ്റ് ആ പണം മുഴുവൻ ബാർണബാസ് അപ്പസ്‌തോലന്മാരെ ഏൽപ്പിക്കുന്നു. എന്നാൽ, അനനിയാസ് വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ ഭൂമി വിറ്റുകിട്ടിയ പണത്തിൽ ഒരു ഭാഗം തങ്ങൾക്കായി മാറ്റിവച്ച ശേഷമാണ് ബാക്കി തുകയാണ് അപ്പസ്‌തോലന്മാരെ ഏൽപ്പിക്കുന്നത്. ഈ കപടത കൂട്ടായ്മയുടെ കണ്ണിയെ മുറിക്കുന്നു – പാപ്പാ വ്യക്തമാക്കി.

പങ്കുവയ്ക്കലിൽ ആത്മാർത്ഥതയില്ലാതെ വന്നാൽ അത്, കൂട്ടായ്മയുടെ ഭംഗിയെ നശിപ്പിക്കുന്നു. അങ്ങനെയുള്ളവർ വിനോദസഞ്ചാരികളെ പോലെ സഭയിലൂടെ കടന്നുപോവുകയാണ്. നാം സഭയിൽ വിനോദസഞ്ചാരികൾ ആകുകയല്ല മറിച്ച്, പരസ്പരം സഹോദരങ്ങൾ ആയിരിക്കുകയാണ് വേണ്ടത് – പാപ്പാ കൂട്ടിച്ചേർത്തു.